
കണ്ണൂർ: വഴിയോര കച്ചവടക്കാർക്കും നടപ്പാത കൈയേറി സാധനങ്ങൾ നിരത്തുന്ന വ്യാപാരികൾക്കും മുന്നറിയിപ്പുമായി കണ്ണൂർ കോർപറേഷൻ. കണ്ണൂർ മാർക്കറ്റ് റോഡ്, എം.എ റോഡ് എന്നിവിടങ്ങളിൽ റോഡ് കൈയേറി വ്യാപാരം നടത്തുന്നതായുള്ള നിരന്തര പരാതികളിലാണ് കോർപറേഷൻ നടപടി ആരംഭിച്ചത്.
മേയറുടെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് സാന്നിധ്യത്തിലാണ് കോർപറേഷൻ ആരോഗ്യവിഭാഗം നടപടിയുമായി എത്തിയത്. പൊതുജനങ്ങളിൽ നിന്ന് നിരവധി പരാതികൾ ഉയർന്നിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ക്ലീൻ സിറ്റി മാനേജർ ഷൈൻ.പി.ജോസിന്റെ നേതൃത്വത്തിൽ നടപ്പാതകൾ കൈയ്യേറിയതായി കണ്ടെത്തിയ സ്ഥാപനങ്ങളിലെത്തി മുന്നറിയിപ്പ് നൽകി. ചില വ്യാപാര സ്ഥാപനങ്ങൾ നടപ്പാതകളിൽ സ്ഥിരം സ്റ്റാന്റുകൾ ഉൾപ്പെടെ സ്ഥാപിച്ച് കച്ചവടം നടത്തുന്നതായി പരിശോധനയിൽ കണ്ടെത്തി. ഇവ ഉടൻ പൊളിച്ചു നീക്കുന്നതിനും ഉദ്യോഗസ്ഥസംഘം നിർദേശം നൽകി.
അനധികൃതമായി കച്ചവടം നടത്തിവന്ന വഴിയോര കച്ചവടക്കാരേയും സംഘം ഒഴിപ്പിച്ചു. ഇവരിൽ ചിലർ പ്രതിഷേധിച്ചെങ്കിലും ആരോഗ്യവിഭാഗം പിൻവാങ്ങിയില്ല. അനധികൃത കച്ചവട സാധനങ്ങൾ നീക്കം ചെയ്യുന്നതിന് കോർപറേഷൻ വാഹനങ്ങളും തയ്യാറാക്കിയിരുന്നു.
കാൽനട പോലും ദുസ്സഹം
റോഡ് കൈയേറ്റത്തെ തുടർന്ന് മാർക്കറ്റ് റോഡിൽ കാൽനടയാത്ര പോലും ദുസ്സഹമായിരുന്നു.ഇതിന് പുറമെ ചരക്ക് ലോറികൾ സമയക്രമം തെറ്റിച്ച് ചരക്കിറക്കുന്നതും ഗതാഗത തടസത്തിന് കാരണമാണ്. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും നടപ്പാത കൈയേറിയവരെ പൂർണമായി ഒഴിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. നടപടിയോട് വ്യാപാരികൾ സഹകരിക്കണമെന്ന് കോർപറേഷൻ ക്ലീൻസിറ്റി മാനേജർ ഷൈൻ.പി.ജോസ് ആവശ്യപ്പെട്ടു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.പി.പത്മരാജൻ, അനീഷ്, പി.എച്ച്.ഐമാരായ ജയമോഹൻ ,ഫിയാസ്, സഫീറലി തുടങ്ങിയവരും നടപടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |