SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.12 AM IST

സൂക്ഷിക്കുക, നിങ്ങൾ മോഷ്ടാക്കളുടെ റഡാറിലാണ്

saleem-

കണ്ണൂർ: മഴക്കാലമെത്തിയതോടെ ജില്ലയിലെ വിവിധയിടങ്ങളിൽ മോഷണങ്ങൾ തുടർക്കഥയാകുന്നു.കാലങ്ങളായി മഴക്കാലം മുൻനിർത്തി അന്യസംസ്ഥാന സംഘങ്ങളടക്കം മോഷണത്തിനായി കേരളത്തിൽ എത്തുന്ന സാഹചര്യമാണുള്ളത്. മഴക്കാല രാത്രികളിൽ ടൗണുകളിലടക്കം ആളുകളുടെ സാന്നിദ്ധ്യം കുറയുന്നത് മനസിലാക്കിയാണ് ഇത്തരം സംഘങ്ങൾ കവർച്ചയ്ക്കിറങ്ങുന്നത്.

വെറുതെ വന്ന് മോഷണം നടത്തുന്നതല്ല ഇവരുടെ രീതി. പകൽ മുഴുവൻ ആസൂത്രണമാണ്. വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എല്ലാം നിരീക്ഷിക്കും.പല വേഷങ്ങളിലായാണ് കള്ളൻമാരുടെ പകൽ സഞ്ചാരം.

മഴ തിമിർത്ത് പെയ്യുമ്പോൾ വീടിന്റെ ജനലുകളോ വാതിലുകളോ തകർക്കുന്നത് വീട്ടുകാർ അറിയാറില്ലെന്നതാണ് ഇവർക്കുളഅള ആനുകൂല്യം. മിക്കപ്പോഴും വീടിന്റ പുറക് വശം തകർത്താണ് മോഷ്ടാക്കൾ കടന്നുകൂടുന്നത്. വീട് കുത്തിത്തുറന്നുള്ള മോഷണ കേസുകളിൽ 90 ശതമാനവും പിറകുവശത്തെ വാതിലുകളാണ് തകർക്കപ്പെടുന്നതെന്ന് പൊലീസ് സാക്ഷ്യപ്പെടുത്തുന്നു.


ഡയൽ 100

കവർച്ചാ സംഭവങ്ങളുണ്ടായാൽ പൊലീസിന്റെ കൺട്രോൾ റൂമിൽ വിളിക്കാം (നമ്പർ 100). സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെക്കുറിച്ചും ഈ നമ്പറിൽ വിവരം നൽകാം. കൂടാതെ വീടിനു സമീപത്തുള്ള പൊലീസ് സ്റ്റേഷനിലെയും എസ്‌.ഐയുടെ മൊബൈൽ നമ്പറും മനപ്പാഠമാക്കണം. മോഷണം നടന്നാൽ ഉടൻ അറിയിക്കണമെന്നും പൊലീസ് മുന്നറിയിപ്പുണ്ട്.


രണ്ട് കുപ്രസിദ്ധ മോഷ്ടാക്കൾ കുടുങ്ങി

ഇന്നലെ രണ്ട് കുപ്രസിദ്ധ മോഷ്ടാക്കളാണ് കണ്ണൂർ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും പിടിയിലായത്. വ്യാപാര സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് പണം കവർന്ന കുപ്രസിദ്ധ മോഷ്ടാവും മഹാരാഷ്ട്ര താന സ്വദേശിയുമായ സലീം സിക്കന്ദർ ഷേഖ് (60), ഹരിയാന പൽവാൽ സ്വദേശി ബൽദേവ് സിംഗ് (60) എന്നിവരാണ് പിടിയിലായത്..

ഞായറാഴ്ച്ച സന്ധ്യയോടെ കണ്ണൂർ താണയിലെ റോയൽ ഓക് എന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജി കോൺസെപ്റ്റ് എന്ന ഗ്ലാസ് ഫാബ്രിക്കേഷൻ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ സലീം സിക്കന്ദർ ഷേഖ് മേശവലിപ്പിൽ സൂക്ഷിച്ച 61,000 രൂപ കവരുകയായിരുന്നു. ഈയാൾ മോഷണം നടത്തിയ അതെ കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന അൽ സഹർ ഫോറക്സ് ആന്റ് ട്രാവൽസിന്റെ പൂട്ട് തകർക്കാനും ശ്രമിച്ചിരുന്നു.ഇത് തൊട്ടടുത്ത സ്ഥാപനത്തിൽ ഉണ്ടായിരുന്നയാൾ കണ്ട് ടൗൺ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മോഷണശ്രമത്തിൽ ഗ്ലാസ് വാതിൽ തകർന്നു. ടൗൺ എസ്.ഐ ടി.എം. വിപിനിന്റെ നേതൃത്വത്തിൽ പൊലീസ് ഈയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗ്ലൗസ് ധരിച്ച മോഷ്ടാവ് സ്‌ക്രൂഡ്രൈവർ ഉപയോഗിച്ചാണ് പൂട്ട് തകർത്തത്. എന്നാൽ പ്രതിയിൽ നിന്നും മോഷണ മുതൽ കണ്ടെത്താനായില്ല. ഈയാളുടെ കൂടെ മറ്റൊരാൾ കൂടിയുണ്ടെന്നാണ് പൊലീസ് നിഗമനം. സിക്കന്ദർ ഷേഖിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു
ഇതിനിടെ 22 വർഷം മുൻപ് കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത വാഹന മോഷണ കേസിൽ പ്രതിയായ ബൽദേവ് സിംഗിനെ ക്രൈംബ്രാഞ്ച്എസ്.ഐ മധുസൂദനന്റെ നേതൃത്വത്തിൽ യു.പിയിൽ വച്ചാണ് സാഹസികമായി അറസ്റ്റ് ചെയ്തത്.

ഹരിയാന,ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി ഈയാൾ ഒളിവിൽ കഴിയുകയായിരുന്നു.കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിൽ തന്നെ ഈയാൾക്കെതിരെ ഒമ്പതോളം വാറണ്ടുകൾ നിലവിലുണ്ട്.കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിലെ എ.എസ്.ഐമാരായ ബിജു, രാജേഷ്‌കുമാർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL