SignIn
Kerala Kaumudi Online
Thursday, 18 June 2026 4.46 AM IST

തൃക്കൂർ അരി അളന്നുവാങ്ങി അമ്മരാജ മടങ്ങി പെരുമാൾക്ക് പുണർതം ചതുശ്ശതം പായസം നിവേദിച്ചു

alav

കൊട്ടിയൂർ: സ്വർണആളികയിൽ വച്ചു പെരുമാൾ അനുഗ്രഹമായി നൽകിയ തൃക്കൂർ അരി മേൽമുണ്ടിൽ അളന്നുവാങ്ങി കോട്ടയം സ്വരൂപത്തിലെ കിഴക്കേ കോവിലകത്തെ അമ്മ രാജ മടങ്ങി. പന്തീരടി കാമ്പ്രം സ്ഥാനികനാണ് അമ്മ രാജയ്ക്ക് അരി അളന്നു നൽകിയത്. ശീവേലിക്കും പുണർതം നാൾ ചതുശ്ശതം വലിയ വട്ടളം പായസ നിവേദ്യത്തിനും ശേഷം ശ്രീകോവിനുള്ളിൽ വച്ചായിരുന്നു അമ്മ രാജയ്ക്കുള്ള അരിയളവ്.

തൃക്കൂറായുള്ള സ്വർണത്തളികയിൽ അളന്നു കിട്ടിയ അരി മേൽ മുണ്ടിന്റെ അഗ്രത്തിൽ കെട്ടി തലയിലേറ്റി വാളറയിലും തിടപ്പള്ളിയിലും വണങ്ങിയ ശേഷം കിഴക്കേ നടയിൽ അമ്മാറക്കൽ തറയിലെത്തി ജന്മശാന്തിയിൽ നിന്നും പ്രസാദം വാങ്ങിയ ശേഷമാണ് അമ്മരാജ സന്നിധാനം വിട്ടത്. നാല് ഊരാളന്മാരുടെ തറവാടുകളിലെ സ്ത്രീകൾക്കും,ഏഴില്ലം തറവാട്ടിലെ സ്ത്രീകൾക്കും രാത്രിയിലാണ് അരിയളവ് നടത്തിയത്. പാലക്കുന്നം സ്ഥാനികനാണ് തിരുവത്താഴ പൂജയ്ക്ക് ശേഷം

ശ്രീകോവിലിൽ വച്ച് ഇവർക്കായി അരിയളവ് നടത്തിയത്. ഇതോടെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ തൃക്കൂർ അരിയളവ് കഴിഞ്ഞു.

വൈശാഖ മഹോത്സവത്തിലെ രണ്ടാമത്തെ വലിയ വട്ടളം പായസ നിവേദ്യം പുണർതം ചതുശ്ശതം ഇന്നലെ നടത്തി. ഉച്ച ശീവേലിക്ക് ശേഷം പന്തീരടി പൂജയ്ക്ക് മദ്ധ്യേയാണ് പെരുമാൾക്ക് വലിയ വട്ടളത്തിൽ പായസം നിവേദിച്ചത്. കോട്ടയം കിഴക്കേ കോവിലകം വകയായിരുന്നു പുണർതം നാൾ ചതുശ്ശതം വലിയ വട്ടളം പായസ നിവേദ്യം.

നിവേദ്യം വിതരണം ചെയ്ത് തറവടിച്ച് ശുദ്ധിയാക്കിയ ശേഷമായിരുന്നു അരിയളവ്. അരിയളവ് കഴിഞ്ഞ് ഇവർ വേഗത്തിൽ സന്നിധാനത്തിന് പുറത്ത് പോകണമെന്നും പിന്നീട് ഈ വർഷം ഇവരിലാരും ദർശനത്തിനായി അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കാൻ പാടില്ലെന്നുമാണ് ആചാരം. നാളെയാണ് മൂന്നാമത്തെ വലിയ വട്ടളം പായസം ആയില്യം ചതുശ്ശതം ഭഗവാന് നിവേദിക്കുക.

ഇന്നലെയും കൊട്ടിയൂരിൽ വലിയതോതിൽ ഭക്തജനത്തിരക്കുണ്ടായിരുന്നു. ശനിയാഴ്ചയാണ് മകം നാൾ കലം വരവ്. അന്ന് ഉച്ച ശീവേലിക്ക് ശേഷം അക്കരെ സന്നിധിയിൽ സ്ത്രീകൾക്ക് പ്രവേശനമില്ലാത്തതിനാൽ സ്ത്രീ ഭക്തരാണ് കൂടുതലായി എത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL