കണ്ണൂർ: നഗരത്തെ സൗന്ദര്യവത്കരിക്കുന്ന നടപടികൾ പുരോഗമിക്കുമ്പോഴും പ്രധാന നടപ്പാതകൾ അപകടത്തെ ക്ഷണിച്ചുവരുത്തുന്നു. കാൽടെക്സ് ട്രെയിനിംഗ് സ്‌കൂളിന് മുൻവശത്തുള്ള നടപ്പാതയിലെ രണ്ട് വർഷം മുമ്പ് തകർന്ന കൈവരി പോലും മാറ്റാൻ കോർപറേഷൻ അധികൃതർ തയാറായിട്ടില്ല. പൊട്ടിയ ഇരുമ്പ് കൈവരികൾ റോഡിലേക്കും ഒരു ഭാഗം നടപ്പാതയിലേക്കും തള്ളിയാണ് നിൽക്കുന്നത്. താഴെ പൊട്ടിയ ഇരുമ്പു കുറ്റികൾ യാത്രക്കാർക്ക് കടുത്ത ഭീഷണി ഉയർത്തുകയാണ്.
ശ്രദ്ധിച്ചുനടന്നില്ലെങ്കിൽ ഇരുമ്പുകമ്പിയിൽ തട്ടി അപകടപ്പെടാനുള്ള സാദ്ധ്യതയുണ്ട്. നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. ട്രെയിനിംഗ് സ്‌കൂളിന് എതിർവശത്തുള്ള നടപ്പാതയാകട്ടെ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. നടപ്പാതയിലെ സ്ലാബുകൾ ഇളകിപോയിടത്ത് ഫ്ളക്സ് ബോർഡും ഹാർഡ്ബോർഡും മറ്റുംവെച്ച് താത്കാലിക പരിഹാരം കണ്ടിരിക്കുകയാണ് അധികൃതർ. നൂറുകണക്കിനാളുകൾ നടന്നുപോകുന്ന ഈ നടപ്പാതയിലെ അപകടസാദ്ധ്യതയ്ക്ക് നേരെ കണ്ണടക്കുകയാണ് കോർപറേഷൻ അധികൃതർ.
കേബിൾ കുരുക്കിലൂടെ നഗരയാത്ര
കെ.എസ്.ഇ.ബിയുടെ കേബിളുകൾ മുതൽ വിവിധ സംഘടനകളുടെ ബോർഡുകൾ വരെ നടപ്പാതകളിൽ ആളുകളെ അപകടപ്പെടുത്തുന്ന കെണികൾ പലതാണ്. കണ്ണൂർ ടൗൺ മുനിസിപ്പൽ സ്‌കൂളിന് മുൻവശത്തുള്ള നടപ്പാതയിൽ കേബിളുകൾ കൂട്ടിയിട്ടിരിക്കുകയാണ്. നടപ്പാതകളിലെ കൈവരികളിലും കേബിളുകൾ കുടുങ്ങികിടക്കുന്നുണ്ട്. യാത്രക്കാർ ഇതിൽ തട്ടി വീഴാനുള്ള സാദ്ധ്യത ഏറെയാണ്.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഇവിടെ നടപ്പാതകൾ നവീകരിച്ചപ്പോൾ അപകടഭീഷണിയായ കേബിൾ വയറുൾപ്പെടെ മാറ്റാൻ കെ.എസ്.ഇ.ബി തയാറായിട്ടില്ല. വൈദ്യുതത്തൂണിൽ ബന്ധിപ്പിച്ച പലതരം കേബിളുകളാണ് പലയിടത്തും നടപ്പാതയിലേക്ക് വീണു കിടക്കുന്നത്. ഇതിന് പുറമെ വിവിധ സംഘടനകൾ പ്രചാരണാവശ്യത്തിനായി പലഘട്ടങ്ങളിലായി സ്ഥാപിച്ച ബോർഡുകളുടെ അവശിഷ്ടങ്ങളും നടപ്പാതകളിൽ വീണുകിടക്കുന്നുണ്ട്.
തുരുമ്പെടുത്ത കൈവരികളും
നഗരത്തിൽ പല നടപ്പാതകളിലെയും ഇരുമ്പ് കൈവരികൾ തുരുമ്പെടുത്ത നിലയിലാണ്. കാൽ നടയാത്രക്കാർക്ക് ഇത് വലിയ ഭീഷണിയാവുകയാണ്. തെക്കീബസാർ, സ്റ്റേഡിയം, കാൾടെക്സ് തുടങ്ങിയ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ഇത്തരം കൈവരികൾ പൊട്ടിയടർന്ന് പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |