SignIn
Kerala Kaumudi Online
Saturday, 27 June 2026 7.26 AM IST

സബ്സിഡി നിരക്കിൽ അരിയില്ല, കുടുംബശ്രീ ഹോട്ടലുകൾ പ്രതിസന്ധിയിൽ

ph-1

കണ്ണൂർ: പാചകവാതക ക്ഷാമത്തിനു പുറമെ സബ്സിഡി നിരക്കിലുള്ള അരി കൃത്യമായി ലഭിക്കാതായതോടെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിൽ. പൊതുവിപണിയിൽ സാധനങ്ങൾക്ക് വൻ വിലയായതോടെ സബ്സിഡി സാധനങ്ങൾ കൂടിയേ തീരുവെന്നാണ് ഹോട്ടൽ നടത്തിപ്പുകാർ പറയുന്നത്.

സാമ്പത്തിക വർഷം കഴിയുന്ന മാർച്ചിനുശേഷം സബ്സിഡി അരിക്കുള്ള കരാർ സിവിൽ സപ്ലൈസുമായി ജില്ലാ മിഷൻ പുതുക്കേണ്ടതുണ്ട്. ഇത് പുതുക്കാത്തതിനാൽ 50 രൂപ വരെ അരിക്ക് വില നൽകേണ്ടി വരികയാണ്. 50 രൂപയുടെ അരി വാങ്ങി 30 രൂപയ്ക്ക് ഊൺ നൽകേണ്ട ബാധ്യതയിലാണ് നിലവിൽ കുടുംബശ്രീ സംരംഭകർ.

നഗരങ്ങളിലെ ഹോട്ടലുകളിൽ ഊണിന് 100 രൂപ വരെ വാങ്ങിക്കുന്ന സാഹചര്യത്തിലാണ് 30 രൂപ ഊണുമായി കുടുംബശ്രീ പിടിച്ചുനിൽക്കുന്നത്. ചോറ്, തോരൻ, അച്ചാർ, നാടൻ വിഭവം ഉൾപ്പെടെ മൂന്ന് തൊടുകറിയും ഒരു ഒഴിച്ചുകറിയും ഉണ്ടാകണമെന്നാണ് നിബന്ധന.

സിവിൽ സപ്ലൈസിൽ നിന്ന് സബ്സിഡി നിരക്കിൽ അരിയും കെട്ടിട വാടക, വെള്ളം, കറന്റ് നിരക്കുകൾ എന്നിവ അതത് തദ്ദേശസ്ഥാപനങ്ങളും നൽകുന്നതാണ് പദ്ധതി. എന്നാൽ സബ്സിഡി അരി കിട്ടാത്തതിനൊപ്പം ഗ്യാസിന്റെ തീവിലയും സാധനങ്ങളുടെ വിലക്കയറ്റവും സംരംഭകരെ തീർത്തും വലച്ചു. ഏതുനിമിഷവും പൂട്ടുമെന്ന അവസ്ഥയിലാണ് നിലവിൽ ജില്ലയിലെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ.

ഒന്നാം പിണറായി സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി വൻപ്രചാരണവുമായി നടപ്പാക്കിയ പദ്ധതിയാണിത്. 2020-21-ലെ സംസ്ഥാന ബഡ്ജറ്റിലാണ് കേരളത്തിലിനിയാരും പട്ടിണി കിടക്കില്ലെന്ന വാഗ്ദാനവുമായി കുടുംബശ്രീക്ക് കീഴിൽ 1000 ജനകീയ ഹോട്ടലുകൾ പ്രഖ്യാപിച്ചത്.

71 ജനകീയ ഹോട്ടലുകൾ

ജില്ലയിൽ 71 ജനകീയ ഹോട്ടലുകൾ ഉണ്ടായിരുന്നെങ്കിലും ഇതിൽ ഏതാനും ഹോട്ടലുകൾക്ക് നേരത്തെ തന്നെ പൂട്ടുവീണിരുന്നു. മറ്റുള്ളവ പ്രതിസന്ധികൾക്കിടയിലും പിടിച്ചു നിൽക്കുകയായിരുന്നു. എന്നാൽ നിലവിലെ സ്ഥിതിയിൽ തുടരാൻ കഴിയില്ലെന്നാണ് നടത്തിപ്പുകാർ പറയുന്നത്.

30 രൂപയ്ക്ക് ഉച്ചയൂൺ എന്നതാണ് ജനകീയ ഹോട്ടലിനെ വ്യത്യസ്തമാക്കുന്നത്. സാധനങ്ങൾക്കെല്ലാം വില വർദ്ധിച്ച സാഹചര്യത്തിൽ 30 രൂപയ്ക്ക് ഊൺ നൽകാൻ സാധിക്കില്ല. ചില ജനകീയ ഹോട്ടലുകളിൽ ഊണിന് 40 രൂപയാക്കിയിട്ടുണ്ട്.

ചെറുകിട ഹോട്ടലുകളും അടച്ചു പൂട്ടലിലേക്ക്
പാചകവാതക വിലവർദ്ധനവും സബ്‌സിഡികളുടെ നിർത്തലാക്കലും വിലക്കയറ്റവും കാരണം പിടിച്ചുനിൽക്കാനാവാതെ ചെറുകിട ഹോട്ടലുകളും പ്രതിസന്ധിയിലാണ്. ചെറുകിട ഹോട്ടലുകൾ പപ്പടമടക്കമുള്ള ഊണിന് 60 മുതൽ 70 രൂപ വരെയാണ് ഇപ്പോൾ ഈടാക്കുന്നത്. മത്സ്യം, ഇറച്ചി, മുട്ട എന്നിവയ്ക്കു വില വർദ്ധിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KUDUMBASRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL