SignIn
Kerala Kaumudi Online
Tuesday, 30 June 2026 3.59 AM IST

കാലവർഷ നിയന്ത്രണം: ടൂറിസത്തിൽ ഇരുട്ടടി

pyyamabalam-
നിയന്ത്രണം കര്‍ശനമാക്കിയതോടെ പയ്യാമ്പലം ബീച്ചില്‍ സന്ദര്‍ശകര്‍ വിരലിലെണ്ണാവുന്നവര്‍

കണ്ണൂർ: മഴ ശക്തമായതോടെ ജില്ലയിലെ ടൂറിസം മേഖല പ്രതിസന്ധിയിൽ. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഭൂരിഭാഗം അടയ്ക്കുകയും ബാക്കിയുള്ളതിൽ സഞ്ചാരികൾ ഇല്ലാതാവുകയും ചെയ്തതോടെ വ്യാപാരികളും പ്രതിസന്ധിയിലായി. അവധി ദിവസങ്ങളിൽ പോലും പയ്യാമ്പലം ബീച്ച്, മുഴപ്പിലങ്ങാട് ബീച്ച് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്ക് കാലവർഷം തുടങ്ങിയതോടെ സഞ്ചാരികളുടെ വലിയ കുറവുണ്ടായെന്നാണ് വ്യാപാരികൾ പറയുന്നത്. നിയന്ത്രണങ്ങൾ പ്രധാനമായും ബാധിച്ചത് ബീച്ച് കേന്ദ്രങ്ങളെയാണ്. സഞ്ചാരികൾ കുറഞ്ഞതോടെ ഈ മേഖലയെ ആശ്രയിക്കുന്നവരുടെ വരുമാനവും നിലച്ചു.

പയ്യാമ്പലം ബീച്ചിൽ തിരയിൽപെട്ട് സഞ്ചാരികൾ മരിച്ചതോടെ ബീച്ചുകളിൽ അധികൃതർ നിയന്ത്രണം കർശനമാക്കിയതിനാൽ മേഖലയിലെ കടകൾ അടഞ്ഞു കിടക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്ന ഓട്ടോ, ടാക്‌സി വാഹനങ്ങളുടെ അവസ്ഥയും സമാനമാണ്. വല്ലപ്പോഴും മാത്രമാണ് ഓട്ടം ലഭിക്കുന്നതെന്ന് ടാക്‌സി ഡ്രൈവർ ഇസ്മായിൽ പറഞ്ഞു.

കാലവർഷം തുടങ്ങിയതോടെ ബീച്ചുകളിലെ ഹോംസ്റ്റേ, വില്ലകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ എത്തുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. മുൻകൂട്ടിയുള്ള ബുക്കിംഗ് കുത്തനെ കുറഞ്ഞെന്ന് നടത്തിപ്പുകാർ പറയുന്നു. അവധിക്കാലത്ത് ജില്ലയിലേക്ക് വൻതോതിൽ സഞ്ചാരികളെത്തിയിരുന്നു. കൊട്ടിയൂർ വൈശാഖോത്സവം അവസാനിച്ചതോടെയാണ് കനത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയത്.

പൈതൽ മലയിൽ ഇടിമിന്നലേറ്റ് മരണം റിപ്പോർട്ട് ചെയ്തതോടെ ഈ മേഖലയോട് ചേർന്ന് നിൽക്കുന്ന റിസോർട്ടിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായി.

പ്രധാനമായും ഹോട്ടൽ മേഖലയ്ക്കാണ് വൻതിരിച്ചടിയുണ്ടായത്. അവധി ദിവസങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ 4000 രൂപവരെ അധികമായി ലഭിക്കുന്ന ഹോട്ടലുകൾ കാലവർഷം തുടങ്ങിയതോടെ പ്രതിസന്ധിയിലേക്ക് വീണു. ജില്ലയിലെ മലയോര മേഖലയിലെ ഹോട്ടലുകളാണ് ഇത്തരത്തിൽ പ്രതിസന്ധിയിലേക്ക് വീണത്.

അപകട മേഖലയിലേക്ക് കടക്കാൻ ശ്രമം

പയ്യാമ്പലം ബീച്ചിൽ ജില്ലാ അധികാരികളും തീരദേശ പൊലീസും മുന്നറിയിപ്പ് നൽകിയിട്ടും നിയന്ത്രണങ്ങൾ അവഗണിച്ച് ചിലർ കടലിൽ പ്രവേശിക്കുന്നത് തുടരുന്നു. വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഇപ്പോഴും കടലിൽ ഇറങ്ങുന്നത് കൂടുതൽ വെല്ലുവിളി ഉണ്ടാക്കുന്നു. അപകട മേഖലകളെ പറ്റി മുന്നറിയിപ്പ് ബോർഡുൾ സ്ഥാപിച്ചിട്ടും സഞ്ചാരികൾ അവഗണിക്കുന്നത് പതിവാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL