SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.06 AM IST

മട്ടന്നൂർ - മാനന്തവാടി നാലുവരിപ്പാത: ഹിയറിംഗ് പൂർത്തിയായി

road
നാലുവരിപ്പാത

പേരാവൂർ: മട്ടന്നൂർ - മാനന്തവാടി നിർദിഷ്ട നാലുവരിപ്പാതയുടെ ഇലവൻ വൺ നോട്ടിഫിക്കേഷനിൽ ഉൾപ്പെടാത്തവരുടെ പരാതിയിന്മേലുള്ള അവസാന വട്ട ഹിയറിംഗ് പേരാവൂരിൽ നടന്നു. ജൂൺ 22ന് കൊട്ടിയൂർ പഞ്ചായത്തിൽ നിന്നും ആരംഭിച്ച ഹിയറിംഗാണ് പേരാവൂരിൽ സമാപിച്ചത്.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാനപാത എന്ന നിലയിലാണ് മട്ടന്നൂർ - മാനന്തവാടി റോഡിനെ നാലുവരിപ്പാതയാക്കി വികസിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. മട്ടന്നൂർ മുതൽ മാനന്തവാടി വരെയുള്ള 63.5കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ ചുരത്തിലൂടെ പോകുന്ന ഭാഗം രണ്ടു വരി പാതയായും മട്ടന്നൂർ മുതൽ അമ്പായത്തോട് വരെ നാലുവരിപ്പാതയായും വികസിപ്പിക്കാനാണ് തീരുമാനമായത്.

2017-ലാണ് ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്. അമ്പായത്തോട് മുതൽ മട്ടന്നൂർ വരെയുള്ള നാലുവരിപ്പാത കടന്നുപോകുന്ന പ്രദേശത്തെ 2,568 കുടുംബങ്ങളുടെ ഭൂമിയാണ് നാലുവരി പാതയ്ക്കായി സർക്കാർ ഏറ്റെടുക്കുന്നത്. ഇതിൽ ഇലവൻ വൺ നോട്ടിഫിക്കേഷനിൽ ഉൾപ്പെടാത്ത 525 കുടുംബങ്ങളുടെ ഹിയറിംഗാണ് നടന്നത്. സ്പെഷ്യൽ തഹസിൽദാർ ജയരാജിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരാണ് ഹിയറിംഗ് നടത്തിയത്.

അമ്പായത്തോട് മുതൽ മട്ടന്നൂർ വരെ നാലുവരിപ്പാത കടന്നുപോകുന്ന പ്രദേശത്തെ 639 വീടുകളാണ് നഷ്ടപ്പെടുന്നത്. ഇതിൽ 380 വീടുകൾ പൂർണമായും 259 വീടുകൾ ഭാഗികമായി നഷ്ടപ്പെടും. ഹിയറിംഗ് പൂർത്തിയാകുന്നതോടെ അടുത്തഘട്ടം എന്ന നിലയിൽ സബ് ഡിവിഷൻ സർവ്വേ നടത്തി ഭൂമി അളന്നു തിട്ടപ്പെടുത്തിയ ശേഷം നാലുവരിപ്പാത നിർമ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിക്കും.

ഇതു സംബന്ധിച്ച് ആർക്കെങ്കിലും ഹിയറിംഗിൽ പങ്കെടുക്കാൻ കഴിയാതെ വരികയോ അപേക്ഷ നൽകാൻ കഴിയാതെ വരികയോ ചെയ്തിട്ടുണ്ടെങ്കിൽ തലശ്ശേരി എൽ.എ എയർപോർട്ട് തഹസിൽദാർക്ക് നേരിട്ട് അപേക്ഷ നൽകാൻ കഴിയും. ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ജിൽസ് എം.മേക്കൽ, എസ്.എം.കെ. മുഹമ്മദലി, ആക്കൽ രാജൻ, പൊയിൽ അബൂബക്കർ എന്നിവർ ഹിയറിംഗിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL