SignIn
Kerala Kaumudi Online
Sunday, 05 July 2026 6.20 AM IST

ഉദയഗിരിയിൽ വന്യമൃഗ ശല്യം രൂക്ഷം , കൃഷി ഉപേക്ഷിച്ച് കർഷകർ

kattana
ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ വനാതിർത്തി മേഖലയിലെ കൃഷിയിടങ്ങളിലെ കാർഷിക വിളവുകൾ കാട്ടാനയിറങ്ങി നശിപ്പിച്ച നിലയിൽ

ആലക്കോട്: കർണ്ണാടക വനാതിർത്തി പങ്കിടുന്ന ഉദയഗിരി ഗ്രാമപഞ്ചായത്തിലെ ജയഗിരി, വണ്ണാത്തിക്കുണ്ട്, ചീക്കാട്, വായിക്കാമ്പ, മാമ്പൊയിൽ, വെള്ളാട്ടുക്കൊല്ലി എന്നിവിടങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായി.

ജയഗിരി, മാമ്പൊയിൽ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയിറങ്ങി കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. വൈദ്യുതി വേലികൾ തകർത്ത് ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കാട്ടാനകളുടെ ശല്യം കാരണം പലരും കൃഷിയും ഭൂമിയും വീടുകളും ഉപേക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയാണ്. വർഷങ്ങളായി അധ്വാനിച്ചുണ്ടാക്കിയ വാഴ, തെങ്ങ്, റബ്ബർ, കവുങ്ങ്, മറ്റു ഇടവിളകൾ എന്നിവയെല്ലാം വിളവെടുക്കാനുള്ള പ്രായമാവുമ്പോൾ ചവിട്ടിമെതിച്ചു നശിപ്പിക്കുകയാണ്.

കാട്ടാന ശല്യത്തിനു പുറമെ കുരങ്ങൻമാരുടെ ശല്യം നിമിത്തം തേങ്ങ വിളവെടുക്കാൻ പറ്റുന്നില്ല. കരിക്ക് പ്രായത്തിലുള്ള നാളികേരങ്ങൾ വ്യാപകമായി നശിപ്പിക്കുന്നു. കാട്ടുപന്നികൾ മരച്ചീനി, ചേന, ചേമ്പ് എന്നിവ നശിപ്പിക്കുന്നതിനാൽ കിഴങ്ങുവർഗ്ഗ കൃഷിയും ഉപേക്ഷിക്കുകയാണ്.

കൃഷിക്കും മനുഷ്യ ജീവനും ഭീഷണിയായി മാറിയിരിക്കുന്ന വന്യമൃഗ ശല്യം ഇല്ലാത്താക്കുന്നതിന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ച ഉദയഗിരി പഞ്ചായത്തിലെ പ്രദേശങ്ങൾ ബി.ജെ.പി, കർഷക മോർച്ച നേതാക്കൾ സന്ദർശിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ആനിയമ്മ, കർഷക മോർച്ച ജില്ലാ അദ്ധ്യക്ഷൻ കെ.വി. ജഗദീശൻ, വൈസ് പ്രസിഡന്റുമാരായ ബാലൻ ഉദയഗിരി, കെ.കെ ഹരിദാസ്, ജില്ലാ സെക്രട്ടറി ദ്വാരക ദാസ്, തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി രമേശൻ എന്നിവരാണ് സന്ദർശിച്ചത്.

പൂർത്തിയാകാതെ വൈദ്യുതിവേലി

ജയഗിരി മുതൽ ചീക്കാട് വരെയുള്ള 8 കിലോമീറ്ററോളം പ്രദേശത്ത് വൈദ്യുതി വേലി സ്ഥാപിക്കുന്നതിനു ത്രിതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും എം.എൽ.എ ഫണ്ടും ഉപയോഗിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും പൂർത്തിയാക്കിയിട്ടില്ല. പലയിടങ്ങളിലും കാടുകൾ വളർന്നും മരങ്ങൾ ഒടിഞ്ഞു വീണും വൈദ്യുതി വേലികൾ പ്രവർത്തന രഹിതമായിരിക്കയാണ്. ഉദയഗിരി പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ വേലി നിർമ്മാണത്തിന് ഒരു കോടിയിലേറെ രൂപയുടെ പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നുവെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല.

ഉദയഗിരി ഗ്രാമ പഞ്ചായത്ത് മുൻ ഭരണ സമിതി തുടങ്ങി വെച്ച വൈദ്യുതി വേലി നിർമ്മാണം പൂർത്തിയാക്കാൻ നടപടി വേണം

കെ.ടി. സുരേഷ് കുമാർ, കേരള കോൺഗ്രസ് (മാണി) കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി


ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ വനാതിർത്തി മേഖലയിലെ കൃഷിയിടങ്ങളിലെ കാർഷിക വിളവുകൾ കാട്ടാനയിറങ്ങി നശിപ്പിച്ച നിലയിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, WILD ANIMAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL