SignIn
Kerala Kaumudi Online
Sunday, 05 July 2026 6.20 AM IST

ജില്ലാ ആശുപ്രതിയിൽ പോസ്റ്റ്‌മോർട്ടം മുടങ്ങുന്നത് പതിവാകുന്നു

hospits
ജില്ലാ ആശുപ്രതി

കണ്ണൂർ: മൃതദേഹങ്ങളുമായി എത്തുന്നവരോട് മനുഷ്യത്വമില്ലാത്ത സമീപനവുമായി ജില്ലാ ആശുപത്രി അധികൃതർ. ഫോറൻസിക് സർജൻ അവധിയായാൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം മുടങ്ങുന്നതാണ് മരണപ്പെട്ടവരുടെ ബന്ധുക്കളെയും നാട്ടുകാരെയും പ്രയാസത്തിലാക്കുന്നത്.

ഇന്നലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങളിൽ രണ്ടെണ്ണം ഡോക്ടർമാരില്ലെന്ന കാരണത്താൽ പരിയാരം മെഡിക്കൽ കോളേജിലേക്കും തലശേരി ജനറൽ ആശുപത്രിയിലേക്കുമാണ് മാറ്റിയത്. ഇൻക്വസ്റ്റ് നടപടികൾക്കായി പൊലീസുദ്യോഗസ്ഥർ ഉൾപ്പെടെ എത്തിയതിനു ശേഷമാണ് ബന്ധുക്കളും ഡോക്ടർ ഇല്ലെന്ന വിവരം അറിയുന്നത്.

വെള്ളിയാഴ്ച വൈകീട്ട് എടചൊവ്വയിൽ കുളത്തിൽ മുങ്ങിമരിച്ച വിദ്യാർത്ഥിയുടേതടക്കം മൂന്ന് മൃതദേഹങ്ങളാണ് പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ മണിക്കൂറുകളോളം കാത്തിരുന്നത്. വിദ്യാർത്ഥിയുടെ മൃതദേഹം ഒടുവിൽ ഡ്യൂട്ടി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്താൻ തയ്യാറായെങ്കിലും മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും എത്തിച്ച മൃതദേഹം പരിയാരത്തേക്കും ചക്കരക്കൽ ഭാഗത്തു നിന്നും വന്നത് തലശേരി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

മൃതദേഹവുമായി എത്തുന്നവരുടെ അവസ്ഥ പോലും പരിഗണിക്കാതെയുള്ള ആശുപത്രി അധികൃതരുടെ സമീപനം ബന്ധുക്കളിൽ ഉൾപ്പെടെ മൗനപ്രതിഷേധത്തിനും കാരണമാവുകയാണ്. ഇതേ അവസ്ഥയാണ് ഇൻക്വസ്റ്റ് നടപടികൾക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ഉണ്ടാവുന്നത്.

സംസ്കാരം മാറ്റിവയ്ക്കേണ്ട അവസ്ഥ

ആശുപത്രിയിലെത്തുന്ന മരണപ്പെട്ടവരുടെ ഉറ്റബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പോസ്റ്റ്‌മോർട്ടത്തിനാവശ്യമായ സമയം കൂടി കണക്കിലെടുത്താണ് സംസ്‌കാരസമയം തീരുമാനിക്കുന്നത്. പോസ്റ്റ്‌മോർട്ടം ഉടൻ നടത്തുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നവരോടാണ് ഡോക്ടറില്ലാത്തതിനാൽ ഇവിടെ നിന്നും ചെയ്യാനാവാത്ത കാര്യം അറിയിക്കുന്നത്. ഇതോടെ സംസ്‌കാരം അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL