കണ്ണൂർ: കുടുംബശ്രീയിൽ കാലാവധി അവസാനിക്കുന്നതിനു മുന്നേ പരക്കെ പിരിച്ചു വിടൽ. ദേശീയ നഗര ഉപജീവന മിഷൻ (എൻ.യു.എൽ.എം) പദ്ധതിയിൽ ജില്ലയിൽ ആകെ പത്ത് കരാർ ജീവനക്കാരാണുള്ളത്. ഈ പത്തു പേരെയും പിരിച്ചു വിടുന്നതായുള്ള ഉത്തരവാണ് ഇറങ്ങിയത്. ദേശീയ നഗര ഉപജീവന മിഷൻ ദൗത്യത്തിന്റെ അടുത്തഘട്ടം സംസ്ഥാനത്ത് ആരംഭിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാർ നടപടി.
മാർച്ച് 31ന് അവസാനിച്ച കരാർ കാലാവധിയാണ് ജൂൺ 30നുശേഷം പുതുക്കി നൽകാത്തത്. ഇവരിൽ 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് ഇനി മറ്റ് ജോലി ലഭിക്കാത്ത സ്ഥിതിയാണ്. എന്നാൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പദ്ധതി വ്യാപിപ്പിക്കുന്നതിനാൽ നിലവിലുള്ളവർക്ക് തുടരാം എന്ന് വ്യക്തമാക്കുന്നുണ്ട്. അതേസമയം ഇവർക്ക് ഓഗസ്റ്റ് വരെയുള്ള ശമ്പളം അനുവദിച്ച് തദ്ദേശ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നെങ്കിലും തൊട്ടടുത്ത ദിവസം അത് തിരുത്തി ജൂൺ വരെയാക്കി.
കണ്ണൂർ ഇരിട്ടി സ്വദേശി ലെജു 2018 മുതൽ ഇക്കഴിഞ്ഞ ജൂൺ 30 വരെ കുടുംബശ്രീ മിഷനിൽ കമ്മ്യൂണിറ്റി ഓർഗനൈസറായിരുന്നു. എന്നാൽ ജൂൺ 30ന് വൈകുന്നേരം 5.30ന് സർക്കാരിൽ നിന്ന് നാളെ മുതൽ ജോലിക്ക് വരേണ്ട എന്ന ഉത്തരവാണ് ലഭിച്ചത്. ഇത്തരത്തിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടൽ നടപടി വന്നതോടെ മറ്റ് ജോലിയും കണ്ടെത്താൻ കഴിയാത്ത ആശങ്കയിലാണ് ജീവനക്കാർ. കുടുംബശ്രീ മിഷന്റെ മറ്റ് കേന്ദ്രസർക്കാർ പദ്ധതികളിൽ നിരവധി കരാർ ജീവനക്കാരുണ്ട്. ഇവരുടെ കരാർ സെപ്തംബർ 30 വരെ മാത്രം ദീർഘിപ്പിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ജോലിയിൽ പ്രവേശിച്ചവാരാണ് ഈ ജീവനക്കാർ. പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയത്.
തികച്ചും രാഷ്ട്രീയപ്രേരിതം
പുതിയ രാഷ്ട്രീയ നിയമനങ്ങൾക്കായാണ് കൂട്ടപിരിച്ചുവിടലെന്നാണ് ആക്ഷേപം. കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷനിലെ മുഴുവൻ കരാർ ജീവനക്കാരെയും പിരിച്ചുവിട്ട് കോൺഗ്രസ്, ലീഗ് അനുകൂലികളെ നിയമിക്കാനാണ് സർക്കാർ നീക്കമെന്നും ആക്ഷേപമുണ്ട്. യു.ഡി.എഫ് സർക്കാർ അധികാരമേറ്റതോടെ സംസ്ഥാനത്ത് ആകെ 134 കരാർ ജീവനക്കാരെയാണ് നോട്ടീസ് പോലും നൽകാതെ പിരിച്ചുവിട്ടത്. ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ അടുത്ത ഘട്ടമായ ദീൻദയാൽ ജൻ ആജീവിക യോജനയാണ് ആരംഭിക്കാനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |