SignIn
Kerala Kaumudi Online
Thursday, 16 July 2026 4.36 AM IST

ദേവാൻഷ് ശൗര്യയുടെ മരണം: അനസ്തേഷ്യ വേണ്ടിയിരുന്നില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

death
ദേവാൻഷ് ശൗര്യ

കണ്ണൂർ: ചുണ്ടിലും താടിയിലും പറ്റിയ ചെറിയൊരു മുറിവ് തുന്നിക്കെട്ടാൻ ജനറൽ അനസ്തേഷ്യ നൽകിയത് കാരണം ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ ജീവൻ നഷ്ടപ്പെട്ടതിൽ ചികിത്സാ പിഴവ് വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അനസ്‌തേഷ്യ നൽകി പത്ത് മിനിട്ടിനകം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും കുഞ്ഞ് ബോധരഹിതനാവുകയുമായിരുന്നു. അഞ്ച് ദിവസത്തെ ചികിത്സയ്‌ക്കൊടുവിൽ കുഞ്ഞ് മരിച്ചു. പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വിഭാഗം നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് നിർണായക കണ്ടെത്തലുകൾ. ജനറൽ അനസ്തേഷ്യ നൽകിയതിനെ തുടർന്നുണ്ടായ ഹൈപ്പോക്സിക് ഇസ്‌കീമിക് എൻസെഫലോപ്പതി (തലച്ചോറിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്ന അവസ്ഥ) ആണ് മരണകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

താടിയിലും ചുണ്ടിന്റെ അകവശത്തും ഉണ്ടായിരുന്ന മുറിവുകൾ ആഴം കുറഞ്ഞ, സാധാരണ ഉണങ്ങാവുന്ന തരത്തിലുള്ളവയായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അടിവരയിടുന്നത്. ഇത്തരം മുറിവുകൾക്ക് ജനറൽ അനസ്തേഷ്യ നൽകി ശസ്ത്രക്രിയ നടത്തേണ്ട ആവശ്യമില്ലായിരുന്നു.

പോസ്റ്റ്‌മോർട്ടത്തിൽ കുഞ്ഞിന്റെ തലച്ചോറിൽ വ്യാപകമായ നീരും (ഡിഫ്യൂസ് സെറിബ്രൽ ഈഡിമ) മൃദുവായ, ജെല്ലി പരുവത്തിലുള്ള ഘടനയും കണ്ടെത്തി. ശ്വാസനാളത്തിൽ കട്ടിയുള്ള മഞ്ഞനിറത്തിലുള്ള സ്രവം അടിഞ്ഞിരുന്നതായും ശ്വാസകോശങ്ങളിൽ ആസ്പിരേഷൻ ന്യുമോണിയയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ട് പറയുന്നു.
സംഭവത്തിൽ അനസ്‌തേഷ്യ നൽകിയ ഡോ. അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പീഡിയാട്രീഷ്യൻ ഡോ. ആശ നിർമ്മൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി എന്നിവരും അന്വേഷണ പരിധിയിലാണ്. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയതിനാൽ ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യത്തിൽ, മൂന്ന് പേരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്‌മെന്റിനെ പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് ശേഖരിച്ച ചികിത്സാ രേഖകൾ ഈ മെഡിക്കൽ ബോർഡിന് കൈമാറും. ബോർഡിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടികളിലേക്ക് പൊലീസ് കടക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL