SignIn
Kerala Kaumudi Online
Tuesday, 21 July 2026 11.42 PM IST

അസൗകര്യങ്ങൾക്ക് നടുവിൽ ജില്ലാ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് ഓഫീസ്

mattannur
മട്ടന്നൂരിൽ അസൗകര്യങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ജില്ലാ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് ഓഫീസ്

മട്ടന്നൂർ: ജില്ലയിലെ വാഹനഗതാഗത നിയന്ത്രണത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ജില്ലാ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് ഓഫീസ് വർഷങ്ങളായി അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വാടകക്കെട്ടിടത്തിൽ.
വെള്ളിയാംപറമ്പ് കിൻഫ്ര വ്യവസായ പാർക്കിന് സമീപത്തെ ബി.എസ്.എൻ.എൽ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. മഴ പെയ്യുമ്പോൾ കെട്ടിടം ചോർന്നൊലിക്കുന്നത് പതിവാണ്. സീലിംഗ് അറ്റകുറ്റപ്പണികൾ ഇടയ്ക്കിടെ നടത്തിയിട്ടും ചോർച്ചയ്ക്ക് ശാശ്വത പരിഹാരമായിട്ടില്ല.

പരിമിതമായ സൗകര്യങ്ങൾക്കിടയിലാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സേവനം അനുഷ്ഠിക്കുന്നത്. ജില്ലയിലെ എ.ഐ കാമറകളുടെ നിരീക്ഷണം ഉൾപ്പെടെ വാഹനഗതാഗതവുമായി ബന്ധപ്പെട്ട പ്രധാന എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഓഫീസാണിത്. എന്നാൽ ഓഫീസ് പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും മതിയായ സൗകര്യമില്ല. നഗരത്തിൽ നിന്ന് അകലെയായതിനാൽ പൊതുജനങ്ങൾക്കും ഓഫീസിലെത്താൻ പ്രയാസം. സമീപത്ത് ചായ കുടിക്കാനോ മറ്റ് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനോ പോലും സൗകര്യമില്ലെന്ന് സേവനത്തിനായി എത്തുന്നവർ പറയുന്നു.
അതേസമയം, മട്ടന്നൂർ നഗരത്തിലെ റവന്യൂ ടവറിൽ ആവശ്യമായ സ്ഥലസൗകര്യം ലഭ്യമായിട്ടും ഓഫീസ് അവിടേക്ക് മാറ്റുന്നതിനുള്ള നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. പ്രതിമാസം ബി.എസ്.എൻ.എല്ലിന് വാടകയായി നൽകുന്ന തുക ഉപയോഗിച്ച് റവന്യൂ ടവറിൽ ആവശ്യമായ ഓഫീസ് സൗകര്യങ്ങൾ ഒരുക്കാനാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

സുരക്ഷയിലും ആശങ്ക

ഓഫീസിന്റെ സുരക്ഷയും ആശങ്കയാകുകയാണ്. ഏതാനും വർഷം മുമ്പ് പിൻഭാഗത്തെ ചുമർ തുരന്ന് അകത്ത് കടന്ന മോഷ്ടാവ് ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് മെഷീനും താക്കോലുകളും കവർന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഇതോടെ വിലപിടിപ്പുള്ള ഉപകരണങ്ങളുടെയും പിടിച്ചെടുത്ത വാഹനങ്ങളുടെയും സുരക്ഷയെക്കുറിച്ചും ചോദ്യങ്ങൾ ഉയരുകയാണ്. ജില്ലാതലത്തിൽ നിർണായക ചുമതലകൾ നിർവഹിക്കുന്ന ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് ഓഫീസിനെ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ സ്ഥലത്തേക്ക് അടിയന്തരമായി മാറ്റണമെന്ന ആവശ്യം ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL