കണ്ണൂർ: അഗ്നിരക്ഷാസേനയ്‌ക്കൊപ്പം ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന സിവിൽ ഡിഫൻസ് വോളണ്ടിയർമാർ അവഗണനയിൽ. സ്ഥിരം യൂണിഫോമോ മതിയായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളോ വകുപ്പ് നൽകുന്നില്ല.
പല ഫയർ സ്റ്റേഷനുകളിലും തിരിച്ചറിയാനായി റിഫ്ലെക്ടീവ് ജാക്കറ്റും ഐഡി കാർഡും മെറ്റാലിക് ബാഡ്ജും മാത്രമാണ് ഇവർക്ക് നൽകുന്നത്. സ്വന്തം ചിലവിൽ യൂണിഫോം തയ്പിക്കണം. പ്രളയം, ഉരുൾപൊട്ടൽ, തീപിടിത്തം തുടങ്ങിയ ദുരന്തസമയങ്ങളിൽ ഇവർ രക്ഷാപ്രവർത്തനത്തിനെത്തുന്നത് സ്വന്തം വരുമാനം പോലും മാറ്റിവച്ചാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വിവിധ പ്രളയങ്ങൾ, മലയോര മേഖലയിലെ ഉരുൾപൊട്ടലുകൾ തുടങ്ങിയവയ്ക്കൊക്കെ സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ സേവനം ഏറെ നിർണ്ണായകമായിരുന്നു. എന്നാൽ പ്രതിഫലമായി പ്രതിമാസ ശമ്പളമോ ദിവസബത്തയോ യാത്രാബത്തയോ ഇവർക്ക് ലഭിക്കുന്നില്ല.
സ്റ്റേഷൻ, ജില്ലാ, സംസ്ഥാന തലങ്ങളിലായി ദുരന്തനിവാരണം, പ്രഥമശുശ്രൂഷ, ഫയർ ഫൈറ്റിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനം നേടിയവരാണ് ഇവർ. എന്നിട്ടും പലപ്പോഴും ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ പോലും സ്വന്തം പണം മുടക്കി വാങ്ങേണ്ടി വരുന്നതായി വോളണ്ടിയർമാർ പറഞ്ഞു. സിവിൽ ഡിഫൻസിൽ പ്രവർത്തിക്കുന്നവരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഹോംഗാർഡ് വിഭാഗത്തിലേക്ക് പരിഗണിക്കുകയോ ഫയർഫോഴ്‌സിനൊപ്പം പ്രത്യേക നിയമന സംവിധാനം ഒരുക്കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ഇതോടെ തൊഴിൽ രഹിതരായ നിരവധി യുവാക്കൾക്ക് സ്ഥിരമായ തൊഴിലും ലഭിക്കുമെന്ന് വളണ്ടിയർമാർ പറഞ്ഞു.
വോളണ്ടിയർമാർ 6,200
സംസ്ഥാനത്തെ 124 ഫയർ സ്റ്റേഷനുകളിലായി 6,200ലധികം സിവിൽ ഡിഫൻസ് വോളണ്ടിയർമാരാണ് സേവനമനുഷ്ഠിക്കുന്നത്. കണ്ണൂരിൽ മാത്രം 500ന് മുകളിൽ വോളണ്ടിയർമാരുണ്ട്. ഫയർ ആൻഡ് റെസ്‌ക്യൂ ഡയറക്ടർ ജനറലിന്റെ സൽസേവന പത്രം ലഭിച്ചവരും എൻ.സി.സി ഉൾപ്പെടെയുള്ള യൂണിഫോം സേവന വിഭാഗങ്ങളിൽ പരിശീലനം നേടിയവരും വിവിധ കായിക ഇനങ്ങളിൽ മികവ് തെളിയിച്ചവരും സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ കൂട്ടത്തിലുണ്ട്. ദുരന്തമുഖങ്ങളിലെ പ്രവർത്തനപരിചയവും പ്രത്യേക പരിശീലനവും ഉണ്ടായിട്ടും ഇവരുടെ സേവനത്തിന് അർഹമായ അംഗീകാരവും തൊഴിൽപരമായ പരിഗണനയും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |