SignIn
Kerala Kaumudi Online
Saturday, 01 August 2026 2.38 AM IST

ആറളം പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു, 44 പേർക്ക് രോഗബാധ, ഒരു മരണം

manja
മഞ്ഞപ്പിത്തം

19ൽ 18 വാർഡിലും മഞ്ഞപ്പിത്ത ബാധിതർ

മരിച്ചത് വെളിമാനം സ്വദേശിയായ യുവാവ്

ഇരിട്ടി: ആറളം പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. 19 വാർഡുകളിൽ 18 വാർഡുകളിലും രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ക്ലോറിനേഷൻ നടത്താൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു.

44 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വെളിമാനം സ്വദേശി വെട്ടിക്കാട്ടിൽ സന്തോഷ് ആന്റണി (45) ആണ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ മരണമടഞ്ഞത്.

പഞ്ചായത്തിലെ കീഴ്പ്പള്ളി സാമൂഹ്യരോഗ്യകേന്ദ്രത്തിനു കീഴിൽ 34 പേർക്കും ആറളം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിൽ 10 പേർക്കും രോഗം ബാധിച്ചു. രോഗബാധിതരിൽ എല്ലാവരും യുവാക്കളാണ്. പഞ്ചായത്തിലെ എടപ്പുഴ വാർഡിൽ എട്ടു പേർക്കാണ് രോഗം ബാധിച്ചത്. മറ്റ് വാർഡുകളിൽ രണ്ടും മൂന്നും പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുടിവെള്ളത്തിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. എങ്കിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

വാർഡ് തലത്തിൽ എല്ലാ വീടുകളിലും കുടിവെള്ള സ്രോതസുകളിൽ ക്ലോറിനേഷൻ ആരംഭിച്ചു. വാർഡ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ജെയ്മി തോമസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ജോഷി ഫിലിപ്പ് എന്നിവർ അറിയിച്ചു.

രോഗം റിപ്പോർട്ട് ചെയ്താൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കാനു പൊതുജനങ്ങൾ പങ്കെടുക്കുന്ന എല്ലാ ആഘോഷ പരിപാടികൾക്കും ആരോഗ്യവകുപ്പിന്റെ അനുമതി വാങ്ങാനും നിർദ്ദേശിച്ചിട്ടുണ്ട്.

 ശ്രദ്ധിക്കുക

ശരീര വേദന, ഓക്കാനം, ഛർദ്ദി, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞനിറം എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻ ചികിത്സ തേടുക.

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ

1. രോഗം സ്ഥിരീകരിച്ചാൽ വീട്ടിനുള്ളിൽ മൂന്നാഴ്ച പൂർണ്ണവിശ്രമം എടുക്കണം

2. രോഗബാധിതർ പൊതുപരിപാടികളിൽ പങ്കെടുക്കരുത്

3. പൊതുജനങ്ങളുമായി സമ്പർക്കം ഒഴിവാക്കുക

4. രോഗം വന്ന് മാറിയൽ മദ്യപാനം പൂർണ്ണമായും ഒഴിവാക്കുക

5. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക

6. പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ഒഴിവാക്കുക

7. മലമൂത്രത്തിന് ശേഷവും ഭക്ഷണത്തിന് മുമ്പും കൈകൾ സോപ്പിട്ടു കഴുകുക

8. ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുന്ന പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകി ഉപയോഗിക്കുക

9. കടകളിൽ ജ്യൂസ്, ലൈം നൽകുന്നതിന് മിനറൽ വാട്ടർ ഉപയോഗിക്കുക

10. സ്‌കൂളുകളിൽ കുട്ടികൾ ഭക്ഷണം ഷെയർ ചെയ്ത് കഴിക്കുന്നത് ഒഴിവാക്കുക
11. കുടിവെള്ളം വീടുകളിൽ നിന്ന് തന്നെ കൊണ്ടു വരിക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, HEPATITIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL