SignIn
Kerala Kaumudi Online
Monday, 03 August 2026 2.04 AM IST

പയ്യന്നൂരിൽ കടുത്ത നടപടിക്ക് സി.പി.എം

cpm
സി.പി.എം

കണ്ണൂർ: വിഭാഗീയതയുടെ വേരറുക്കാൻ പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടുന്നതടക്കം കടുത്ത നടപടിയിലേക്ക് സി.പി.എം. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ ഏരിയ കമ്മിറ്റിയിലെ ചിലരുടെ ഒത്താശയുണ്ടെന്ന് കണ്ടെത്തിയ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശുദ്ധീകരണം.

സി.പി.എം സ്ഥാനാർത്ഥി ടി.ഐ. മധുസൂദനനെ തോൽപിച്ച് വി. കുഞ്ഞികൃഷ്ണൻ 50,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത് സ്വാഭാവികമായല്ലെന്നാണ് പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മിഷന്റെ കണ്ടെത്തൽ. കമ്മിറ്റിയിൽ ഇരുന്നുകൊണ്ടു തന്നെ ചിലർ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും അടിത്തട്ടിൽ വരെയിറങ്ങി സ്ഥാനാർത്ഥിയെ തോൽപിക്കാൻ ശ്രമിച്ചെന്നും കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. ഈ കണ്ടെത്തലുകളാണ് ഏരിയ കമ്മിറ്റി പിരിച്ചുവിടാനുള്ള ശിപാർശയായി ജില്ലാ കമ്മിറ്റിക്ക് മുന്നിലെത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ ശിപാർശ അംഗീകരിച്ചു.

ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് താത്കാലിക സെക്രട്ടറിയെയും അഡ്‌ഹോക് കമ്മിറ്റിയെയും നിയോഗിക്കാനാണ് തീരുമാനം. രക്തസാക്ഷി സി.വി ധനരാജ് കൊലക്കേസിൽ വിധി വരുന്നതിന് മുമ്പ് പാർട്ടിയെ ഒറ്റക്കെട്ടായി അണിനിരത്തണമെന്ന വ്യഗ്രതയാണ് ചടുലനീക്കത്തിന് പിന്നിൽ.
വി. കുഞ്ഞികൃഷ്ണനടക്കമുള്ളവർ ഉന്നയിച്ച ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിയാതിരുന്നതും കുറ്റാരോപിതരെ സംരക്ഷിച്ചു എന്ന ധാരണ അണികൾക്കിടയിൽ പരന്നതുമാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് ആക്കം കൂട്ടിയതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രാദേശിക നേതാക്കൾ പലരും എതിർ സ്ഥാനാർത്ഥി കുഞ്ഞികൃഷ്ണനെ രഹസ്യമായി സഹായിച്ചെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. രക്തസാക്ഷി ഫണ്ടിന്റെ വരവുചെലവ് കണക്കുകൾ പുറത്തുവിടില്ലെന്ന നേതൃത്വത്തിന്റെ പിടിവാശിയാണ് അണികളെ ഏറ്റവുമധികം പ്രകോപിപ്പിച്ചത്. ഏരിയ കമ്മിറ്റിക്കകത്ത് തന്നെ ഇതു സംബന്ധിച്ച് വാക്കേറ്റമുണ്ടായി.


പയ്യന്നൂരിൽ മാത്രം ഒതുങ്ങില്ല
പയ്യന്നൂരിൽ മാത്രം ഒതുങ്ങുന്നതല്ല നടപടി. കണ്ണൂർ ടൗൺ ഈസ്റ്റിൽ അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പേരിൽ പാർട്ടി ഓഫീസ് പണിയാൻ ശേഖരിച്ച ഫണ്ടിലും ക്രമക്കേട് കണ്ടെത്തിയതോടെ ലോക്കൽ സെക്രട്ടറി ഇ. രമേശനെ സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം നീക്കിയിരുന്നു. 2023ൽ കൂപ്പൺ പിരിവിലൂടെയും പ്രദർശനവിപണന മേളകളിലൂടെയും സമാഹരിച്ച തുകയാണ് ചോദ്യം ചെയ്യപ്പെട്ടത്. വിഭാഗീയതയുടെയും ക്രമക്കേടുകളുടെയും വേരറുക്കാനുള്ള ഈ നീക്കം ജില്ലയിലെ സി.പി.എം സംഘടനാ സംവിധാനത്തിൽ ഇനിയും തുടരാനിടയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL