കണ്ണൂർ: കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയുടെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപ്പിക്കും. ഡിപ്പോയുടെ അസൗകര്യങ്ങളും പരിമിതികളും അഡ്വ. ടി.ഒ.മോഹനൻ എം.എൽ.എയും ഡിപ്പോ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും ഇന്നലെ നേരിൽ കണ്ട് മനസ്സിലാക്കി. ഡിപ്പോയ്ക്ക് നാല് ഏക്കറിൽ അധികം വരുന്ന സ്ഥലമുണ്ട്. പക്ഷേ അവിടെ സമതുലിതമായ വികസന പ്രവർത്തനങ്ങൾ അല്ല നടത്തിവരുന്നത്. പ്രിയദർശിനി സർവീസിന്റെ വരവോടുകൂടി ഡിപ്പോയിൽ യാത്രക്കാരുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. പക്ഷേ യാത്രക്കാർക്കും ജീവനക്കാർക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി ഡിപ്പോയ്ക്കുണ്ട്. യാത്രക്കാർക്കായി നല്ല ഇരിപ്പിടങ്ങളോ ഫാനോ മറ്റ് സൗകര്യങ്ങളോ വെളിച്ചമോ ലഭിക്കുന്നില്ല. രാത്രികാലങ്ങളിൽ ഇവിടം ഇരുട്ടിലാണ്. ഇത് രാത്രി യാത്രക്കാരെയും ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു.
വർക്ക് ഷോപ്പിൽ ആവശ്യമായ വെളിച്ചമില്ലാത്തത് രാത്രി ഡ്യൂട്ടിയിലുള്ള വർക്ക്ഷോപ്പ് ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ജീവനക്കാരുടെ വിശ്രമ മുറികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും ദുരിതമാണ്. പ്രത്യേകിച്ച് സ്ത്രീ ജീവനക്കാർക്ക്. നൂറുകണക്കിന് ജീവനക്കാർ ജോലി ചെയ്യുന്ന ഇവിടെ ഇതുവരെയായി ഒരു കാന്റീൻ സൗകര്യവുമില്ല. ഡിപ്പോ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരമാണ് എം.എൽ.എ ഡിപ്പോ സന്ദർശിച്ചത്. ഡിപ്പോ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ സുധീഷ് കടന്നപ്പള്ളി, കെ.പി .രമേശൻ, എൻ. പ്രസാദ്, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ പി.ഇ. രഞ്ജിത്ത്, ഡിപ്പോ എൻജിനീയർ കെ.കെ. അനീഷ്, ജനറൽ കൺട്രോൾ ഇൻസ്പെക്ടർ എം.പി. സന്തോഷ്, സൂപ്രണ്ട് എ. സജീന എന്നിവരും ഒപ്പമുണ്ടായിരുന്നു.
വർക്ക് ഷോപ്പുകളുടെയും ഡിപ്പോയുടെയും പ്രവർത്തനത്തിൽ ആധുനിക സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. വർക്ക് ഷോപ്പുകളിൽ ഉപയോഗിക്കുന്ന പഴഞ്ചൻ ഉപകരണങ്ങൾ മാറ്റി പുതിയ ഉപകരണങ്ങൾ ലഭ്യമാക്കണം. ഇത്തരം കാര്യങ്ങൾ ജീവനക്കാരുമായി കൂടിയാലോചിച്ച് വിശദമായി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിന് ട്രാൻസ്‌പോർട്ട് ഓഫീസറെയും ഡിപ്പോ എൻജിനീയറെയും ചുമതലപ്പെടുത്തി.
കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ വികസനത്തിന് ആവശ്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വകുപ്പ് മന്ത്രിക്കും കെ.എസ്.ആർ.ടി.സി എം.ഡിക്കും സമർപ്പിക്കും . വകുപ്പ് മന്ത്രി ഡിപ്പോ നേരിൽ സന്ദർശിക്കുന്നതിനും യോഗം വിളിച്ചു ചേർക്കുന്നതിനും മന്ത്രിയോട് ആവശ്യപ്പെടും.
അഡ്വ.ടി.ഒ. മോഹനൻ, എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |