കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ വീണ്ടും ഏറ്റുമുട്ടി. അഞ്ചാം ബ്ലോക്കിൽ കഴിയുന്ന വയനാട് അമ്പലവയൽ സ്വദേശി രാമൻകുട്ടിക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇയാളെ കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 6.45ന് ഭക്ഷണ സമയത്തുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് വഴിവച്ചത്. അഞ്ചാം ബ്ലോക്കിലെ തന്നെ കാസർകോട് കുമ്പള സ്വദേശി കിരൺ രാജ് ഷെട്ടിയാണ് രാമൻകുട്ടിയെ മർദ്ദിച്ചതെന്ന് ജയിൽ അധികൃതർ പറഞ്ഞു. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ശനിയാഴ്ചയും ജയിലിൽ അക്രമ സംഭവമുണ്ടായിരുന്നു. കാപ്പ തടവുകാരനായി ഒന്നാം ബ്ലോക്ക് ആറാം സെല്ലിൽ ശിക്ഷ അനുഭവിക്കുന്ന കെ.വി. മനു (23) വിനെ സഹതടവുകാരൻ കുത്തി പരിക്കേൽപ്പിച്ചു. ഒന്നാം ബ്ലോക്ക് ഏഴാം സെല്ലിലെ അപ്പു എന്ന തടവുകാരനാണ് കമ്പിക്കഷണം ഉപയോഗിച്ച് ഇടതുവശത്തെ വാരിയെല്ലിന് സമീപം കുത്തിയത്. പരിക്കേറ്റ മനു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സംഭവത്തിലും ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇതുകൂടാതെ കണ്ണൂർ സ്‌പെഷൽ സബ് ജയിലിൽ തടവുകാരന്റെ മർദ്ദനത്തിൽ ജയിൽ ജീവനക്കാരന് പരിക്കേറ്റ സംഭവവും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
അക്രമങ്ങൾ വെല്ലുവിളി
തുടർച്ചയായി ഉണ്ടാകുന്ന ഈ അക്രമ സംഭവങ്ങൾ ജയിൽ ജീവനക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ജയിലിനുള്ളിലെ സുരക്ഷാ വീഴ്ചകളും തടവുകാർക്കിടയിലെ പിരിമുറുക്കവും വീണ്ടും ചർച്ചയാകുകയാണ്. ഇന്ന് കണ്ണൂരിലെത്തുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംഭവങ്ങളിൽ വിശദ റിപ്പോർട്ട് തേടിയേക്കുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |