SignIn
Kerala Kaumudi Online
Saturday, 19 September 2026 4.12 PM IST

ജയിലുകളും സ്വകാര്യവൽക്കരിച്ചോ? ഏറ്റവും കൂടുതൽ സ്വകാര്യ ജയിലുകൾ എവിടെയെന്ന് അറിയാമോ?

prison
പ്രതീകാത്മക ചിത്രം

എല്ലാം സ്വകാര്യവത്കരിക്കുന്നു എന്നാണ് ഭരണകൂടത്തിനെക്കുറിച്ച് പലപ്പോഴും ഏറ്റവുമധികം കേൾക്കുന്ന ആരോപണം. ഇന്ത്യയിൽ പ്രതിരോധ, ബഹിരാകാശ രംഗങ്ങളും സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തിട്ടുണ്ട്. പക്ഷേ സർക്കാരിന്റെ മേൽനോട്ടവും നിയന്ത്രണവും ഉണ്ടെന്നുമാത്രം.

അമേരിക്ക ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും ജയിലുകൾ പോലും സ്വകാര്യമേഖലയിലുണ്ട്. കൂടുതൽ സ്വകാര്യജയിലുകൾ അമേരിക്കയിലാണെന്നാണ് റിപ്പോർട്ട്. സർക്കാരിന്റെ ഒരുതരത്തിലുള്ള നിയന്ത്രണവും ഇല്ലാതെയാണ് ഇവ പ്രവർത്തിക്കുന്നത്. അമേരിക്കയിലെ ആകെ തടവുകാരിൽ ഏതാണ്ട് പത്തുശതമാനം പേർ സ്വകാര്യ ജയിലുകളിലെ അന്തേവാസികളാണ്. രാജ്യത്ത് മുതലാളിത്ത ഭരണമാണ് നിലനിൽക്കുന്നത് എന്നതിനാൽ ശരിക്കും ലാഭേച്ഛ മാത്രമാണ് സ്വകാര്യ ജയിലുകളുടെ ലക്ഷ്യം.

ചില വൻകിടക്കാരാണ് ഇത്തരം ജയിലുകളുടെ നടത്തിപ്പുകാർ. ഇവർ സർക്കാരുമായി കരാറുണ്ട്. ഇതിൽ പറയുന്ന നിബന്ധനകൾക്കനുസരിച്ചുവേണം ജയിലുകൾ പ്രവർത്തിക്കേണ്ടത്. തടവുകാരുടെ എണ്ണത്തിനനുസരിച്ചാണ് നടത്തിപ്പുകാർക്ക് സർക്കാരിൽ നിന്ന് പണം ലഭിക്കുന്നത്. അതിനാൽ എങ്ങനെയും തടവുകാരുടെ എണ്ണംകൂട്ടാൻ സ്വകാര്യന്മാർ ശ്രമിക്കാറുണ്ട്. അമേരിക്കയിൽ മാത്രമല്ല മറ്റുചില രാജ്യങ്ങളിലും സ്വകാര്യ ജയിലുകളുണ്ട്.

സ്വകാര്യ ജയിലുകൾ എന്നാണ് തുടങ്ങിയത്?

1980കളിൽ അമേരിക്കയിൽ മയക്കുമരുന്നുവിരുദ്ധനിയമങ്ങൾ കർശനമാക്കി. അതോടെ തടവുകാരുടെ എണ്ണം കുത്തനെ കൂടി. തടവുകാരെ പാർപ്പിക്കാൻ ജയിലുകളിൽ സ്ഥലമില്ലാതായി. അന്തേവാസികളെ കുത്തിഞെരുങ്ങിയതോടെ അക്രമങ്ങൾ പതിവായി. അതോടെയാണ് സ്വകാര്യ ജയിലുകൾ എന്ന ആശയം ഉയർന്നുവന്നത്. സർക്കാർ മുന്നോട്ടുവച്ച നിബന്ധനകൾ അനുസരിക്കാൻ തയ്യാറായവർക്ക് ജയിലുകൾ തുടങ്ങാൻ അനുമതി നൽകുകയായിരുന്നു. നിലവിൽ അനധികൃത കുടിയേറ്റക്കാരിൽ വലിയൊരു പങ്കിനെ പാർപ്പിച്ചിരിക്കുന്നത് സ്വകാര്യ ജയിലുകളിലാണ്.

ലക്ഷ്യം ലാഭം മാത്രം

തടവുകാരുടെ എണ്ണം കൂടിയാലേ നടത്തിപ്പുകാർക്ക് കൂടുതൽ പണം കിട്ടൂ. അതിനാൽ എങ്ങനെയും തടവുകാരുടെ എണ്ണം കൂട്ടാൻ ജയിൽ നടത്തിപ്പുകാർ ശ്രമിക്കാറുണ്ടെന്ന ആക്ഷേപം ശക്തമാണ്. കൂടുതൽ തടവുകാരെ തങ്ങൾക്ക് കിട്ടാനായി രാഷ്ട്രീയ സ്വാധീനവും ഇവർ ഉപയോഗിക്കാറുണ്ട്. ചെറിയ കുറ്റങ്ങൾക്കുപോലും വലിയ ശിക്ഷ നൽകാൻ ഇവർ ജഡ്ജിമാരെ സ്വാധീനിക്കാറുമുണ്ടത്രേ.

പരമാവധി ലാഭം കൂട്ടാനായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയോ മതിയായ യോഗ്യതയില്ലാത്തവരെ നിയമിക്കുകയോ ചെയ്യും. അതുപോലെ തടവുപുള്ളികൾക്ക് നൽകേണ്ട ഭക്ഷണമുൾപ്പെടെയുള്ളവയിൽ കുറവുവരുത്തിയും ഇവർ സാമ്പത്തിക നേട്ടത്തിന് ശ്രമിക്കാറുണ്ട്. ഇത് സംഘർഷങ്ങൾ ജയിലിൽ പതിവാക്കുന്നു.

ജോലിക്കനുസരിച്ച് തടവുകാർക്ക് കൂലി നൽകാറുണ്ട്. ഇതിലും സ്വകാര്യന്മാർ വെള്ളംചേർക്കും. വൻകിട ബ്രാൻഡുകൾക്കുവേണ്ടി തടവുകാരെക്കൊണ്ട് ജോലിയെടുപ്പിച്ച ശേഷം കുറഞ്ഞകൂലിയാണ് അവർക്കുനൽകുന്നത്. എന്നാൽ അത്തരം കമ്പനികളിൽ നിന്ന് കണക്കുപറഞ്ഞ് വൻ തുക ജയിൽ നടത്തിപ്പുകാർ നേടിയെടുക്കുകയും ചെയ്യും.

ട്രംപിന് ഇഷ്ടം കൂടുതൽ

ഭരണം മാറുന്നത് സ്വകാര്യജയിലുകളുടെ നിലനിൽപ്പിനെയും ബാധിക്കാറുണ്ട്. ബറാക്ക് ഒബാമ, ജോ ബൈഡൻ എന്നിവരുടെ ഭരണകാലത്ത് സ്വകാര്യജയിലുകളുമായുള്ള കരാറുകൾ റദ്ദാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ പൂർണമായും വിജയിച്ചില്ല. ചില വിലക്കുകൾ ഏർപ്പെടുത്താൻ മാത്രമേ കഴിഞ്ഞുള്ളൂ. ട്രംപ് അധികാരത്തിൽ എത്തിയോടെ ആ വിലക്കുകളെല്ലാം നീക്കി കുടിയേറ്റക്കാരെയും മറ്റും പാർപ്പിക്കാനായി സ്വകാര്യ ജയിലുകളെ തിരഞ്ഞെടുക്കുകയും ചെയ്തു.

English Summary

The article highlights the rise of private prisons, predominantly in the US since the 1980s, driven by increased inmate populations. Operating for profit, these facilities face accusations of artificially boosting inmate numbers, influencing the judiciary, and reducing prisoner welfare to maximize earnings. Political leadership has influenced their continued operation and role, particularly concerning immigrant detention.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US PRIVATE PRISONS, PRIVATE PRISONS IN AMERICA, PRIVATE JAIL STATES, AMERICA PRIVATE PRISON, US JAIL PRIVATIZATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360