കുറ്റ്യാട്ടൂർ: മാമ്പഴ ഗ്രാമത്തിന് പേരു കേട്ട കുറ്റ്യാട്ടൂരിൽ ചെറുമാന്തോപ്പുമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ മാതൃകാ പദ്ധതി. കണ്ണൂർ ജില്ലാ പഞ്ചായത്തും കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ദേശ സൂചികപദവി നേടിയ കുറ്റ്യാട്ടൂർ മാവിന്റെ ഗ്രാഫ്റ്റ് തൈകൾ 75 ശതമാനം സബ്സിഡിയിൽ കർഷകർക്ക് ലഭ്യമാക്കും പുരയിടത്തിലെ കളകൾ നീക്കം ചെയ്യൽ, തട്ട് തിരിക്കൽ, കുഴിയെടുക്കൽ, നടീൽ, വേലികെട്ടൽ, ജലസേചനം തുടങ്ങിയ പ്രവൃത്തികൾ ആർ.വി ജി റാംജി പദ്ധതിപ്രകാരം കർഷകർക്ക് ലഭ്യമാക്കും.
ചെറുമാന്തോപ്പ് നിർമാണത്തിന്റെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ടി. ശബ്ന നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂർ മംഗോ കമ്പനി ചെയർമാൻ വി.ഒ പ്രഭാകരൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ എം. സതീശൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം. ബിന്ദു, ഒ.കെ സന്തോഷ് എന്നിവർ സംസാരിച്ചു.
വിപണി പിടിക്കാൻ കുറ്റ്യാട്ടൂർ മാങ്കോ കമ്പനി
ചെറു മാന്തോപ്പിലെ മുഴുവൻ മാങ്ങയും കുറ്റ്യാട്ടൂർ മാങ്കോ കമ്പനി കർഷകരിൽ നിന്ന് സംഭരിക്കുകയും ഗുണമേന്മയോടെ ഗ്രേഡ് തിരിച്ച് വിപണനവും കയറ്റുമതിയും മൂല്യ വർദ്ധിത ഉത്പന്ന നിർമ്മാണവും സാദ്ധ്യമാക്കും. ചെറുമാന്തോപ്പിന് ആവശ്യമായ ഗുണമേന്മയുള്ള ഗ്രാഫ്റ്റ് മാവിൻ തൈകളും മറ്റ് സാങ്കേതിക സഹായവും കമ്പനി കർഷകർക്ക് ലഭ്യമാക്കും. അതിസാന്ദ്രത കൃഷിരീതി അനുസരിച്ചാണ് ചെറുമാന്തോപ്പുകൾ നിർമ്മിക്കുക. ഓരോ വർഷവും മാവ് തൈകളിൽ പ്രൂണിംഗും ട്രെയിനിംഗും നടത്തി കുള്ളൻ മാവുകളായി വളർത്തുന്നതിനാൽ കർഷകർക്ക് എളുപ്പത്തിൽ വിളവെടുക്കാം. തൈകൾ നട്ട് നാലാം വർഷം മുതൽ വിളവെടുപ്പ് ആരംഭിക്കാം.
കർഷകർക്ക് ബന്ധപ്പെടാം
9744202555, 8078277255.
കുറ്റ്യാട്ടൂരിന്റെ കാർഷിക പൈതൃകവും പ്രകൃതിസ്നേഹവും വിളിച്ചോതുന്ന ഇടമായി ചെറുമാന്തോപ്പുകൾ മാറും. ഇതിലൂടെ ടൂറിസത്തിന് കൂടി വാതിൽ തുറക്കുകയാണ്. ഭൗമ സൂചിക പദവി ലഭിച്ച കുറ്റ്യാട്ടൂർ മാമ്പഴത്തിനെ ലോകോത്തര നിലവാരത്തിലെത്തിക്കുകയും ലക്ഷ്യമാണ്
നിജിലേഷ് പറമ്പൻ, പ്രസിഡന്റ്
കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |