SignIn
Kerala Kaumudi Online
Saturday, 12 September 2026 10.00 AM IST

വിട വാങ്ങിയത് ന്യൂക്ലിയർ ഫിസിക്സിലെ അതുല്യപ്രതിഭ ഭൗതികശാസ്ത്രമേഖലയിൽ കണ്ണൂർ സാന്നിദ്ധ്യം

sudharasan

കണ്ണൂർ: അണുഘടനയുടെ രഹസ്യങ്ങൾ തേടിയ പ്രതിഭയാണ് കഴിഞ്ഞ ദിവസം കൊൽക്കൊത്തയിൽ വച്ച് വിടവാങ്ങിയ കണ്ണൂർ സ്വദേശിയും പ്രശസ്ത ഭൗതികശാസ്ത്രജ്ഞനുമായ ഡോ.മതുമ്മൽ സുദർശൻ (65).
തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിന് സമീപം സതീഷ് ഭവനിൽ ചീക്കോളി നളിനിയുടെയും പരേതനായ മതുമ്മൽ പാണ്ട്യാലയിൽ സുകുമാരന്റെയും മകനായ ഈ ശാസ്ത്രജ്ഞൻ ജീവിതത്തിന്റെ ഭൂരിഭാഗവും കൊൽക്കത്തയിലെ ഗവേഷണശാലകളിലായിരുന്നു ചിലവഴിച്ചത്.
മേഘാലയയിലെ നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് ന്യൂക്ലിയർ ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ഡോ.സുദർശൻ കൊൽക്കത്തയിലെ വേരിയബിൾ എനർജി സൈക്ലോട്രോൺ സെന്ററിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മൂലകങ്ങളുടെ ന്യൂക്ലിയസ് ഘടനയും ന്യൂക്ലിയർ പ്രതിപ്രവർത്തനങ്ങളും കേന്ദ്രീകരിച്ചായിരുന്നു ആദ്യകാല ഗവേഷണം. പിന്നീട് ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലും സേവനമനുഷ്ഠിച്ചു.
തൊണ്ണൂറുകളുടെ തുടക്കത്തിൽ കൊൽക്കത്തയിൽ സ്ഥാപിതമായ യു.ജി.സി ഡി.എ.ഇ കൺസോർഷ്യം ഫോർ സയന്റിഫിക് റിസർച്ചിൽ സയന്റിസ്റ്റായി ചേർന്ന അദ്ദേഹം പിന്നാലെ സീനിയർ സയന്റിസ്റ്റും റിസർച്ച് കോർഡിനേറ്ററുമായി ഉയർന്നു. പ്രിൻസിപ്പൽ റിസർച്ച് കോർഡിനേറ്ററുമായി.ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് വിശ്രമജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നതിനിടെയാണ് അദ്ദേഹം അർബുദബാധിതനായത്.

ട്രേസ് എലമെന്റ്സ് ലബോറട്ടറിയിൽ വിസ്മയം തീർത്ത പ്രതിഭ
സൂക്ഷ്മ മൂലകങ്ങളുടെ സാന്നിദ്ധ്യം കൃത്യതയോടെ അളക്കുന്ന ട്രേസ് എലമെന്റ്സ് ലബോറട്ടറിയിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ ഏറെ ശ്രദ്ധേയമായി. കാർഷികോത്പന്നങ്ങളിലും കെട്ടിടനിർമ്മാണ സാമഗ്രികളിലും അതിസൂക്ഷ്മ അളവിലുള്ള മൂലകങ്ങളെ എനർജി ഡിസ്‌പേർസീവ് എക്‌സ്രേ ഫ്ളൂറസൻസ്, കണികാപ്രേരിത എക്‌സ് റേ ഉത്സർജനം എന്നീ സാങ്കേതികവിദ്യകളിലൂടെ കണ്ടെത്താനും അളവ് നിർണയിക്കാനുമുള്ള പരീക്ഷണങ്ങൾ സുദർശന്റെ ശ്രദ്ധേയ നേട്ടങ്ങളാണ്. മോസ്ബൗർ സ്‌പെക്ട്രോസ്‌കോപ്പി, ഹെവി മെറ്റൽ വിശകലനം എന്നീ മേഖലകളിലും ഗവേഷണം നടത്തി. നിരവധി അന്താരാഷ്ട്ര ഗവേഷണ പത്രികകളിൽ പഠനം പ്രസിദ്ധീകരിക്കുകയും അന്താരാഷ്ട്ര സമ്മേളനങ്ങളിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തു.

അനുശോചിച്ച് ശാസ്ത്രലോകം
ഡോ. സുദർശന്റെ വിയോഗത്തിൽ സാഹാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സിലെ റിട്ടയേർഡ് സീനിയർ പ്രൊഫസർ ഡോ.പി.എം.ജി. നമ്പീശൻ,അന്തരീക്ഷ പഠനശാസ്ത്രജ്ഞനും യൂറോപ്യൻ സ്‌പേസ് ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ.എം.കെ.സതീഷ് കുമാറും തുടങ്ങിയ പ്രമുഖർ അനുശോചനം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL