SignIn
Kerala Kaumudi Online
Saturday, 12 September 2026 10.00 AM IST

കുനിത്തലമുക്ക്- വെള്ളർവള്ളി റോഡ് പ്രവൃത്തി പാതിവഴിയിൽ

vellarivalli
നിർമ്മാണം പാതിവഴിയിൽ നിലച്ച കുനിത്തലമുക്ക് -വായന്നൂർ - വെള്ളർവള്ളി റോഡ് തകർന്ന് തരിപ്പണമായ നിലയിൽ

പേരാവൂർ: പേരാവൂർ കോളയാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുനിത്തലമുക്ക് -വായന്നൂർ- വെള്ളർവള്ളി റോഡിന്റെ പ്രവൃത്തി നിലച്ചു. പ്രധാനമന്ത്രി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം ആരംഭിച്ചത്. ആകെ ഉണ്ടായിരുന്ന ഏഴു കിലോമീറ്റർ റോഡിൽ മൂന്നര കിലോമീറ്റർ പേരാവൂർ പഞ്ചായത്തിലും ബാക്കി ഭാഗം കോളയാട് പഞ്ചായത്തിലുമാണ്. 5.5 മീറ്റർ വീതിയിൽ ടാറിംഗും കലുങ്ക് നിർമ്മാണ പ്രവൃത്തികളും ഉൾപ്പെടെ 11.5 കോടിയോളം രൂപക്കാണ് പ്രവൃത്തി ആരംഭിച്ചത്.

ഇതിൽ കുനിത്തലമുക്ക് മുതൽ മണ്ഡപം വരെ ഒന്നാംഘട്ട മെക്കാഡം ടാറിംഗ് നടത്തിയത് മാത്രമാണ് ആകെ ചെയ്തത്. എന്നാൽ ബാക്കി ഭാഗത്തെ പ്രവൃത്തികൾ വായന്നൂർ അമ്പലമുക്ക് മുതൽ വെള്ളർവള്ളി സ്കൂൾ വരെ കലുങ്ക് നിർമ്മാണത്തിൽ മാത്രം ഒതുങ്ങി. റോഡിന്റെ പല ഭാഗത്തും ടാറിംഗ് ഉൾപ്പെടെ പൊളിച്ചു നീക്കിയതിനാൽ വാഹന ഗതാഗതവും കാൽനടയാത്ര പോലും സാദ്ധ്യമാകാത്ത വിധം ദുരവസ്ഥയിലാണ്.

2004 ഒക്ടോബർ 24ന് നിർമ്മാണം ആരംഭിച്ച് ഒരു വർഷം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാനായിരുന്നു കരാർ. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ഇപ്പോൾ കരാറുകാരൻ ടെൻഡർ പുതുക്കാതെ പ്രവൃത്തി ഉപേക്ഷിച്ചതായാണ് വിവരം. പ്രവൃത്തി പൂർത്തീകരിച്ച് റോഡ് ഗതാഗതയോഗ്യമാക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.

ഉദ്യോഗസ്ഥർ പരസ്പരം പഴിചാരുന്നു

റോഡ് തകർന്ന് കിടക്കുന്നതിനാൽ ഇരു ചക്രവാഹന യാത്രക്കാർ നിരന്തരമായി അപകടത്തിൽ പെടുകയാണ്. പ്രവൃത്തി വൈകുന്നതിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ ഉദ്യോഗസ്ഥർ പരസ്പരം പഴിചാരുകയാണ് ചെയ്യുന്നതെന്നും കരാറുകാരൻ ഒഴിവായിട്ടുണ്ടെങ്കിൽ പുതിയ ആളെ കണ്ടെത്തി എത്രയും വേഗം റോഡ് പണി പൂർത്തീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

റോഡ് പ്രവൃത്തി ആരംഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ റോഡ് ഉപരോധം ഉൾപ്പെടെ അതിശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികളും വാഹന യാത്രക്കാരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL