കോട്ടയം: വില്ലേജ് ടാക്കീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്‌കാരം മലയാള ചലച്ചിത്രം 'സ്‌കൂൾ ചലേ ഹം' സ്വന്തമാക്കി.
ഫിൻലൻഡിലെ ഒലൂലു ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിലും അമേരിക്കയിലെ ബെൽമോണ്ട് വേൾഡ് ഫിലിം ഫെസ്റ്റിവലിലും അംഗീകാരം നേടിയ ചിത്രമാണ് 'സ്‌കൂൾ ചലേ ഹം'. ചിത്രത്തിലെ അഭിനയമികവിന് കണ്ണൂർ വെള്ളിക്കീൽ സ്വദേശി മാസ്റ്റർ സുജയ് കൃഷ്ണയ്ക്ക് കഴിഞ്ഞ വർഷത്തെ ജെ.സി. ഡാനിയൽ ഫൗണ്ടേഷന്റെ മികച്ച ബാലനടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ അവസാനഘട്ടത്തിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കണ്ണൂർ ജില്ലയിലെ മൊറാഴ കമ്മാരൻ യു.പി. സ്‌കൂളും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. പ്രദേശവാസികളായ കുട്ടികളും അദ്ധ്യാപകരും നാട്ടുകാരുമാണ് പ്രധാന അഭിനേതാക്കൾ.
മാങ്ങാട് സ്വദേശി ഇ.ജി. ശ്രീകാന്ത് സംവിധാനം ചെയ്ത ചിത്രം ലെറ്റ് ഗോ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങിയത്. ആദിത്, ശ്രീകാന്ത്, ബിനോജ് എന്നിവർ ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത്. നിധീഷ് നടേരിയുടെ വരികൾക്ക് ദേശീയസംസ്ഥാന പുരസ്‌കാര ജേതാവായ ബിജിബാൽ സംഗീതം പകർന്നു. സംസ്ഥാന പുരസ്‌കാര ജേതാവായ ലിജു പ്രഭാകറാണ് കളറിംഗ് നിർവഹിച്ചത്.
യു.എസ്. ആദിത് ആണ് നിർമ്മാതാവ്. ദീപിക, സുശീലൻ, അർജുൻ സഹനിർമ്മാതാക്കളാണ്. നിജിൻ ലൈറ്റ്‌റൂം ഛായാഗ്രഹണവും കുട്ടൻ സൗപർണിക എഡിറ്റിംഗും നിർവഹിച്ചു. ധീരജ്, ആദിദേവ് എന്നിവരാണ് കാസ്റ്റിംഗ് കൈകാര്യം ചെയ്തത്. ചിത്രം നിലവിൽ മനോരമ മാക്സ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗ് തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |