കണ്ണൂർ: ചേലോറ ട്രഞ്ചിംഗ് മാലിന്യമുക്ത പദ്ധതിയിൽ ഗുരുതരക്രമക്കേടുകൾ നടന്നതായ വിജിലൻസ് കണ്ടെത്തലിന്റെ മുന മുൻ ഭരണസമിതിക്കുനേരെയും തിരിയുന്നു. നിരവധി ആരോപണ - പ്രത്യാരോപണങ്ങൾക്ക് കാരണമായ ചേലോറ മാലിന്യ സംസ്‌കരണ പദ്ധതിയിൽ നിരവധി പരാതികളാണ് വിജിലൻസിന് മുമ്പാകെ എത്തിയത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിലവിലെ എം.എൽ.എ അഡ്വ. ടി.ഒ മോഹനൻ മേയറായിരിക്കെ 2022ൽ വെസ്റ്റൺ പ്രൊജക്റ്റ്‌സ് എന്ന കമ്പനിയുമായി കരാർ ഒപ്പിട്ടതോടെയാണ് സങ്കീർണമായ പ്രശ്‌നങ്ങൾ ഉടലെടുത്തത്. ഒരു വർഷത്തെ കാലാവധിക്കുള്ളിൽ 2023 മേയ് മാസത്തിനുള്ളിൽ പൂർത്തിയാവേണ്ട പദ്ധതി വർഷങ്ങളോളം നീണ്ടുപോവുകയായിരുന്നു. തുടക്കം മുതൽ ആരോപണം നേരിട്ട പദ്ധതിയുടെ തുടക്കം മുതൽ കോർപറേഷന് അകത്തും പുറത്തുമായി നിരവധി പ്രക്ഷോഭ സമരങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
വിജിലൻസ് ആദ്യഘട്ട പരിശോധനയുടെ ഭാഗമായി കോർപറേഷനിൽ നിരവധി തവണയാണ് എത്തിയത്. വിജിലൻസ് ഇൻസ്‌പെക്ടർ സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് ആദ്യഘട്ട പരിശോധന ആരംഭിച്ചത്. നിരവധി ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്താണ് കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായുള്ള പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തത്.
1.77 കോടി രൂപയുടെ ക്രമക്കേട്
വ്യവസ്ഥകൾ പാലിക്കാതെ, മാലിന്യ നിക്ഷേപത്തിന്റെ മറവിൽ 1.77 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് ജനറലിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്ക് അധികമായി നൽകിയ തുക കരാർ കമ്പനിയിൽ നിന്ന് തിരിച്ചു പിടിക്കാനും കമ്പനിയുടെ യന്ത്ര സാമഗ്രികൾ ഏറ്റെടുക്കാനുമുള്ള തീരുമാനവും നടപ്പിലാവാതെ പോയി. അതിനിടെ പാർക്കിൽ ഉണ്ടായ തീപിടുത്തവും സംശയങ്ങൾക്ക് ഇട നൽകി.
2023 ജൂൺ മാസം വരെയുള്ള പ്രവർത്തനാനുമതി പൊല്യൂഷൻ കൺട്രോൾ ബോർഡ് നൽകിയത് 2022 ജൂൺ മാസമായിരുന്നു. 2022 ലും 2023ലും കോർപറേഷൻ സത്യവാങ്മൂലം നൽകിയപ്പോൾ നിർദ്ദേശിക്കപ്പെട്ട സംവിധാനങ്ങളെല്ലാം കമ്പനി ആറ് മാസത്തിനുള്ളിൽ ഒരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കമ്പനി അതും ചെയ്തില്ല. ഇവിടെയും കമ്പനിക്കെതിരെ ശക്തമായ നടപടികൾ കോർപറഷൻ സ്വീകരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |