കണ്ണൂർ: മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഫൈബർ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട ഏഴ് മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. മത്സ്യത്തൊഴിലാളികളും ലൈഫ് ഗാർഡുമാരും നാട്ടുകാരും കോസ്റ്റൽ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മുഴപ്പിലങ്ങാട് സ്വദേശികളായ ഫസൽ റഹ്‌മാൻ(40), ഷക്കീർ(40), അനൂബ് (48), ബാബു (71), ഷഹീർ(42), നൂറുദീൻ (45), തൻസീർ (45) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. സാരമായി പരിക്കേറ്റ ഫസൽ, ഷക്കീർ, അനൂബ്, ബാബു എന്നിവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും അപകട നില തരണം ചെയ്തിട്ടുണ്ട്.
ഇന്നലെ വൈകിട്ട് കടലിൽ മത്സ്യബന്ധനത്തിന് പോവുകയായിരുന്ന ബോട്ട്, മുഴപ്പിലങ്ങാട് ബീച്ച് എടക്കാട് ഭാഗത്ത് നിന്നും 200 മീറ്റർ അകലെയാണ് അപകടത്തിൽപ്പെട്ടത്. വേലിയേറ്റ സമയമായതിനാൽ ശക്തമായ തിര ഉണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഏഴര സ്വദേശി അനീസിന്റെ ഉടമസ്ഥതയിലുള്ള അൽ - അമീൻ ഫൈബർ വള്ളം. അപകടം നടന്നയുടൻ മറ്റൊരു വള്ളത്തിൽ മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ലൈഫ് ഗാർഡുമാരായ വി.പി വിനയൻ, ഇ. ശ്രീജിത്ത് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. രക്ഷാപ്രവർത്തനത്തിനിടെ ടി.പി രാജേഷ് എന്ന മത്സ്യത്തൊഴിലാളിക്കും നിസാര പരിക്കേറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |