ഇരിട്ടി: ആറളം ഫാമിനെയും പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിയുടെ മുൾമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന എന്ന് പേരിട്ട കെ.എം വൺ ആനയെ മയക്കുവെടിവെച്ച് കൂട്ടിലാക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മോഴയ്ക്ക് മയക്കുവെടി നൽകിയത്. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും പിന്നീട് രണ്ടു തവണ മയക്കുവെടി നൽകിയാണ് മോഴയെ വരുതിയിലാക്കിയത്.
എന്നാൽ പൂർണ്ണമായും മയങ്ങാതെ നിന്ന കെ.എം വണ്ണിനെ അധിക മരുന്നു നൽകിയാണ് നിയന്ത്രണ വിധേയമാക്കിയത്. മയക്കുവെടിക്ക് പിന്നാലെ 10 കിലോമീറ്റർ അകലെ വളയംചാലിൽ ഒരുക്കി നിർത്തിയിരുന്ന രണ്ട് കുങ്കിയാനകളെ സംഭവസ്ഥലത്ത് എത്തിച്ചു. എന്നാൽ മയക്കു വെടിയേറ്റിട്ടും മണിക്കൂറുകളോളം മയങ്ങാതിരുന്ന മോഴയുടെ അടുത്തേക്ക് കുങ്കിയാനകളെ എത്തിച്ചത് പിന്നീടും ഏറെ വൈകി. ഉച്ചയ്ക്ക് മൂന്നു മണിയോടെ ഇവയെ മയക്കുവെടിയേറ്റ് നിന്നിരുന്ന മോഴയുടെ അടുത്തേക്ക് എത്തിച്ച് നിലത്തു വീഴാത്ത വിധം താങ്ങി നിർത്തി.
ഇതിനിടെ കക്കുവാ കവലമുതൽ പതിമൂന്നാം ബ്ലോക്ക് പരിപ്പ് തോട് റൂട്ടിൽ മൂന്നു കിലോമീറ്റർ വരെ ആനയെ തളച്ച ഭാഗത്തേക്ക് പൂർണ്ണമായിട്ടും ആളുകളെ പ്രവേശിപ്പിക്കുന്നത് തടഞ്ഞിരുന്നു. വനം വകുപ്പിന്റെയും പൊലീസിന്റെയും വാഹനങ്ങൾ മാത്രമാണ് കടത്തിവിട്ടത്. മാദ്ധ്യമപ്രവർത്തകരെയും മൂന്ന് കിലോമീറ്റർ അകലെ വെച്ച് തടഞ്ഞിരുന്നു.
കണ്ണൂർ ഡി.എഫ്.ഒ കെ. സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, കൊട്ടിയൂർ റെയിഞ്ചർ ടി. നിഥിൻരാജ്, കണ്ണവം റെയിഞ്ചർ സുധീർ നരോത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം പൂർത്തീകരിച്ചത്.
മണിക്കൂറുകൾ നീണ്ട ശ്രമം, മോഴ മുത്തങ്ങ ആന ക്യാമ്പിൽ
വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മോഴയെയും കൂടെയുണ്ടായിരുന്ന 6 കൊമ്പനാനകളെയും പതിമൂന്നാം ബ്ലോക്കിലെ ഓടച്ചാൽ ഭാഗത്ത് നിരീക്ഷണ സംഘം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കൂടെ ഉണ്ടായിരുന്ന കൊമ്പനാനകളെ മോഴയിൽ നിന്നും അകറ്റി. വാഹനം എത്തുന്ന റോഡിൽ നിന്ന് 300 മീറ്ററോളം ഉൾക്കാട്ടിലാണ് മയക്കുവെടിവെക്കാൻ പാകത്തിന് മോഴയെ ലഭിച്ചത്. മയക്കുവെടിക്ക് ശേഷം മണ്ണുമാന്തിയന്ത്രം എത്തിച്ച് ഇവിടേക്ക് പുതിയ റോഡ് നിർമ്മിക്കുകയായിരുന്നു. ഇതിനിടെ കനത്ത മഴപെയ്തത് നടപടികൾ ദുഷ്കരമാക്കി. പുതിയ റോഡിൽ താഴ്ന്നുപോയ ആനയെ കയറ്റാനുള്ള ലോറിയെ യന്ത്രത്തിന്റെ സഹായത്തോടെയാണ് ആന നിൽക്കുന്ന സ്ഥലത്ത് എത്തിച്ചത്. മോഴയെ പിന്നീട് കുങ്കിയാനകളെ ഉപയോഗിച്ച് തള്ളി ലോറിയിൽ കയറ്റി. തുടർന്ന് കണ്ണ് മൂടിക്കെട്ടി ഉന്നത വനപാലകരുടെ അകമ്പടിയോടെ വയനാട് മുത്തങ്ങ ആന ക്യാമ്പിലേക്ക് മാറ്റി. ഇവിടെ പ്രത്യേകം തയ്യാറാക്കിയ ആനക്കൊട്ടിലിൽ പാർപ്പിക്കുന്ന ആനയെ ആരോഗ്യസ്ഥിതിയും മറ്റു സാഹചര്യങ്ങളും നിരീക്ഷിച്ചതിനുശേഷം റേഡിയോ കോളർ ഘടിപ്പിച്ച് വയനാട് മേഖലയിലെ വനത്തിൽ തുറന്നു വിടാനാണ് പദ്ധതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |