SignIn
Kerala Kaumudi Online
Monday, 05 October 2026 1.40 AM IST

സ്വകാര്യകമ്പനിയുടെ കോമ്പൗണ്ടും പരിസരവും താവളം: വളപട്ടണത്ത് അനധികൃത മണൽകടത്ത് വ്യാപകം

valapattanam-
മണൽ ശേഖരിച്ചുവയ്ക്കുന്ന സ്വകാര്യവ്യക്തിയുടെ സ്ഥലം

കണ്ണൂർ: സർക്കാർ സംവിധാനത്തെ നോക്കുകുത്തിയാക്കി വളപട്ടണം മേഖലയിൽ അനധികൃതമായി വൻതോതിൽ മണൽ കടത്ത്. വളപട്ടണം പുഴയോട് ചേർന്നു കിടക്കുന്ന ജാസ് കടവിലാണ് അനധികൃതമായി ഖനനം നടത്തി സംഭരിച്ച മണൽ രാത്രി കാലത്ത് കടത്തുന്നത്. പ്രവർത്തനം നിലച്ച ഒരു സ്വകാര്യകമ്പനിയുടെ കോമ്പൗണ്ടും പരിസരവുമാണ് മണൽ കടത്തുകാർ താവളമാക്കിയിരിക്കുന്നത്.
വളപട്ടണം പൊലീസ് സ്റ്റേഷനു തൊട്ടടുത്താണ് അനധികൃത മണൽ സംഭരണ കേന്ദ്രം. സ്റ്റേഷന് തൊട്ടടുത്തായിട്ടും മണൽകടത്തിനെതിരെ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാരും ആശങ്കയിലാണ്. നടപടിയെടുക്കേണ്ടുന്ന ജിയോളജി വകുപ്പും റവന്യു വകുപ്പും മണൽകടത്ത് കണ്ടില്ലെന്ന് നടിക്കുകയാണ്. അനധികൃത കടത്തുകാരുടെ സ്വാധീനം ഭയന്ന് നാട്ടുകാരും പരാതിപ്പെടാൻ തയ്യാറായിട്ടില്ല. അതേ സമയം പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കടവിൽ വിജിലൻസ് സംഘം എത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ചില സുപ്രധാന വിവരങ്ങൾ വിജിലൻസിന് ലഭിച്ചതായാണ് വിവരം.

വളപട്ടണം പൊലീസ് സ്റ്റേഷനിൽ നിന്നും വിളിപ്പാടകലെയുള്ള അനധികൃതമണൽ കടത്തിനെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോസ്റ്റൽ പൊലീസിന്റെ ബോട്ട് ഈ ഭാഗത്ത് പട്രോളിംഗ് നടത്തിയാൽ മണൽ കടത്ത് തടയാനാവുമെന്നും നാട്ടുകാർ പറയുന്നു.

പകൽ അടഞ്ഞുകിടക്കും; രാത്രിയിൽ തുറക്കും

പകൽ സമയങ്ങളിൽ അടഞ്ഞുകിടക്കുന്ന കമ്പനിയുടെ വലിയ ഗേറ്റ് രാത്രികാലങ്ങളിൽ മണൽലോഡ് പുറത്തേക്ക് പോകുമ്പോൾ മാത്രമാണ് തുറക്കുന്നത്. വലിയ മതിൽക്കെട്ടിനുള്ളിലേക്ക് ലോറികൾ കടന്നാൽ ഉടനെ ഗേറ്റ് അടക്കും. പുഴയോട് ചേർന്നുള്ള സ്ഥലത്ത് നാൽപതിലധികം തോണികൾ ഉപയോഗപ്പെടുത്തിയാണ് അനധികൃത മണൽഖനനം. ഹിറ്റാച്ചിയടക്കമുള്ള യന്ത്രങ്ങൾ ഉപയോഗിച്ചാണ് ലോറികളിൽ മണൽ നിറക്കുന്നത്. പുറത്തെത്തിയാൽ അംഗീകൃത കടവിന്റെ പാസ് സംഘടിപ്പിച്ച് നിയമത്തെ ഈ മണൽലോറികൾ മറികടക്കും. കാപ്പ കേസിൽ ഉൾപ്പെട്ടവരടക്കമുള്ളവർ ഈ അനധികൃത മണൽ കടത്തിന് സുരക്ഷിതത്വം ഒരുക്കുന്നതായും നാട്ടുകാർ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടാണ് ഇവിടെ മണൽ വാരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MANAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL