തൊടുപുഴ: വൻ ഭൂരിപക്ഷത്തിൽ അധികാരമേറ്റെങ്കിലും അഴിമതിയാരോപണവും ചേരിപ്പോരും കാരണം തൊടുപുഴ നഗരസഭയിൽ ഭരണസ്തംഭനം. പ്രധാനകക്ഷികളായ കോൺഗ്രസും മുസ്ലീം ലീഗ് പ്രതിനിധിയായ ചെയർപേഴ്സണും തമ്മിലുള്ള ശീതസമരമാണ് നഗരസഭയെ വിവാദത്തിലാക്കുന്നത്. കഴിഞ്ഞദിവസം നഗരസഭയിൽ നിന്ന് 7.31 ലക്ഷം കാണാതായ സംഭവത്തിൽ നഗരസഭയിലെ ഉദ്യോഗസ്ഥർക്കെതിരെ ചെയർപേഴ്സൺ ആരോപണം ഉന്നയിച്ചതാണ് വിവാദത്തിൽ കലാശിച്ചത്. ഇതോടെ ചെയർപേഴ്സണെതിരെ സ്വന്തം മുന്നണിയിലെയും പാർട്ടിയിലെയും കൗൺസിലർമാർ തന്നെ അഴിമതിയാരോപണവുമായി രംഗത്തെത്തുകയായിരുന്നു. ഇത് പാർട്ടിയിലും മുന്നണിയിലും വലിയ ഭൂകമ്പമാണ് സൃഷ്ടിച്ചത്. അഴിമതിയാരോപണം ഉയർന്നത് യു.ഡി.എഫ് മുന്നണിയുടെ പ്രതിച്ഛായയെയും കാര്യമായി ബാധിച്ചു. ഭരണസ്തംഭനം മുതലെടുത്ത് ഉദ്യോഗസ്ഥ ഭരണമാണ് നഗരസഭയിലെന്നും വിമർശനമുണ്ട്. ഭരണകക്ഷിയിലെ ചേരിപ്പോര് രൂക്ഷമായതോടെ കഴിഞ്ഞദിവസം നടത്താനിരുന്ന കൗൺസിൽ യോഗം പോലും മാറ്റിവയ്ക്കേണ്ടിവന്നു.
സഫിയ ജബ്ബാറിനെ
സസ്പെൻഡ് ചെയ്തു
നഗരസഭാ ചെയർപേഴ്സൺ സാബിറ ജലീലിനെതിരെ അഴിമതി ആരോപണം ഉയർത്തിയ സംഭവത്തിൽ ലീഗ് കൗൺസിലർ സഫിയ ജബ്ബാറിനെ പാർട്ടിയിൽ നിന്ന് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. നഗരസഭാ ചെയർപേഴ്സണും ഭരണസമിതിക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് മാദ്ധ്യമവാർത്തകൾ സൃഷ്ടിച്ചതിനെ തുടർന്ന് തെളിവ് ഹാജരാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് മുസ്ലീം ലീഗ് സംസ്ഥാനകമ്മിറ്റിയുടെ നടപടി. സംസ്ഥാനകമ്മിറ്റിക്ക് ലീഗ് ജില്ലാനേതൃത്വം നൽകിയ റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചയായിരുന്നു സസ്പെൻഷൻ നടപടി. കൗൺസിൽ യോഗത്തിൽ സാബിറ ജലീലിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കൗൺസിലറും കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റുമായ രാജേഷ് ബാബുവിനെതിരെ നടപടിയാവശ്യപ്പെട്ട് ലീഗ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ഡി.സി.സിക്കും തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്.
പ്രതിപക്ഷം നിർജ്ജീവം
നഗരസഭയെ പിടിച്ചുകുലുക്കി വൻ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയാരോപണങ്ങളും ഉയർന്നിട്ടും പ്രതിപക്ഷമായ എൽ.ഡി.എഫും ബി.ജെ.പിയും നടത്തുന്ന സമരം തട്ടിക്കൂട്ട് പരിപാടിയാകുന്നതായി വിമർശനമുണ്ട്. ഭരണപക്ഷത്തിനെതിയുള്ള ആരോപണങ്ങളിൽ ഇരുകൂട്ടരും തണുപ്പൻ സമീപനം സ്വീകരിക്കുന്നതാണ് വിമർശനത്തിനു കാരണം. പല വിഷയങ്ങളിലും പേരിന് സമരം നടത്തിയുള്ള ഒത്തുതീർപ്പ് ഫോർമുലയാണിതെന്നും വിമർശനമുണ്ട്. വിവാദങ്ങൾ നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ബി.ജെ.പിയും സി.പി.എമ്മും സമരരംഗത്ത് എത്തിയത് തന്നെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |