മാഹി: മയ്യഴിയുടെ നഗര വീഥികളിൽ ആത്മീയതയുടെ പ്രഭ ചൊരിഞ്ഞ് രഥഘോഷയാത്ര. അഭൗമ സൗന്ദര്യം വഴിയുന്ന ആവില മാതാവിന്റെ തിരുസ്വരൂപം ജമന്തിപ്പൂക്കൾ കൊണ്ടലംകൃതമായ രഥത്തിലേറ്റി ആയിരങ്ങൾ അനുധാവനം ചെയ്തു. ദീപങ്ങളാലും തോരണങ്ങളാലും അലങ്കരിച്ച രാജവീഥിയിലൂടെ രഥം നീങ്ങുന്നത് കാണാൻ ഇരുവശങ്ങളിലും ആൾക്കൂട്ടങ്ങൾ ഏറേനേരം കാത്തു നിന്നു.
ബാന്റ് വാദ്യങ്ങളും ചെണ്ട മേളങ്ങളും മുത്തുക്കുടകളും വർണ്ണ ദീപക്കുടങ്ങളുമേന്തി നാനാ മതസ്ഥരായവർ ഏകോദരസഹോദരങ്ങളെപ്പോലെ തോളോടുതോൾ ചേർന്ന് നടന്നുനീങ്ങുന്ന കാഴ്ച മതമൈത്രിയുടെ മഹനീയകാഴ്ചയായി. സന്ധ്യ കഴിഞ്ഞ് ദേവാലയത്തിൽ നിന്നും ചലിച്ചു തുടങ്ങിയ രഥം കടന്നുപോയവഴികളിലെല്ലാം വിശ്വാസികൾ പൂമാലയും മെഴുകുതിരികളുമായി വരവേറ്റു. പാറക്കൽ ശ്രീകുറുംബ ഭഗവതി ക്ഷേത്രം, മാഹി ശ്രീകൃഷ്ണ ക്ഷേത്രം, ആനവാതുക്കൽ ക്ഷേത്രം എന്നിവയ്ക്ക് മുന്നിലൂടെ തേര് കടന്നുപോയപ്പോൾ പ്രധാന പൂജാരിമാർ പൂർണ്ണ കുംഭത്താടെ വരവേറ്റു. മുഴുവനാളുകൾക്കും ലഘു ഭക്ഷണം വിതരണം ചെയ്തു.
പതിവുപോലെ ഇത്തവണയും മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് തന്റെ വസതിക്ക് മുന്നിൽ രഥമെത്തിയപ്പോൾ കുടുംബ സമേതം കൂറ്റൻ പുഷ്പമാല്യമർപ്പിച്ചു. അർദ്ധരാത്രിയോടുകൂടിയാണ് രഥം തിരിച്ച് ബസലിക്കയിലെത്തിയത്.
തിരുനാൾ ജാഗര ദിവസമായ ഇന്നലെ കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ
ഡോ. ജൻസൻ പുത്തൻവീട്ടിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. ഫാദർ ബിനോയ് എബ്രഹാം, ഫാദർ ഗ്രേഷ്യസ് ടോണി നേവസ്, ഫാദർ ജോസ് യേശുദാസ്, ഫാദർ മാത്യു, ഫാദർ സ്കറിയ, ഡീക്കന്മാരായ ജോണി അരഞ്ഞാണിയിൽ, ആന്റണി കുന്നുംപുറം എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് നൊവേന, പരിശുദ്ധകുർബാനയുടെ ആശീർവാദം എന്നിവയുമുണ്ടായി.
അർദ്ധരാത്രിക്ക് ശേഷം തുടങ്ങിയ ശയനപ്രദക്ഷിണത്തിൽ നേരം പുലർന്നിട്ടും നൂറുകണക്കിന് വിശ്വാസികളാണ് പങ്കാളികളായത്. ഇന്ന് വൈകിട്ട് അഞ്ചിന് മേരി മാതാ ഹാളിൽ നടക്കുന്ന സ്നേഹ സംഗമത്തിൽ കോഴിക്കോട് രൂപതാദ്ധ്യക്ഷൻ ഡോ. വർഗ്ഗീസ് ചക്കാലക്കൽ അനുഗ്രഹ ഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |