കണ്ണൂർ: മാലിന്യ സംസ്കരണ സംവിധാനങ്ങളിൽ ഗുരുതര വീഴ്ച വരുത്തിയ പന്നിഫാമുകൾക്കെതിരെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അരലക്ഷം രൂപ പിഴ ചുമത്തി. പടിയൂർ-കല്യാട് ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ജി. റീജ, ബെന്നി ഈപ്പൻ, സി.കെ സജിത എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫാമുകൾക്കെതിരെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ നടപടിയെടുത്തത്.
ഫാമുകളിൽ പ്ലാസ്റ്റിക് അടക്കമുള്ള ജൈവ-അജൈവ മാലിന്യങ്ങൾ വൻതോതിൽ അലക്ഷ്യമായി തള്ളിയതായും, ഉപയോഗശേഷമുള്ള മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാതെ തുറസ്സായ സ്ഥലങ്ങളിലേക്ക് ഒഴുക്കിവിട്ടതായും പരിശോധനയിൽ വ്യക്തമായി. പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ച മൂന്ന് ഫാമുകൾക്കുമായി 52,500 രൂപയാണ് പിഴ ചുമത്തിയത്.
പന്നിക്ക് ഭക്ഷണത്തിനായി വിവിധ ഹോട്ടലിൽ നിന്നും ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളുടെ കൂടെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളും ഫാം പരിസരത്ത് കൂട്ടിയിടുന്നതായി സ്ക്വാഡ് കണ്ടെത്തി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ, അംഗീകാരം ഇല്ലാത്ത ഇത്തരം ഫാമുകൾക്ക് മാലിന്യം കൈമാറുന്ന സ്ഥാപനങ്ങൾക്കെതിരെയും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും വരുംദിവസങ്ങളിലും പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്നും സ്ക്വാഡ് അറിയിച്ചു.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി അഷ്റഫ്, എൻഫോഴ്സ്മെന്റ് അംഗം ജിഷ്ണുരാജ്, ദിബിൽ, ഹെൽത്ത് ഇൻസ്പെക്ടർ സി.പി റുബീന എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |