കണ്ണൂർ: പത്തു നാൾ നൃത്ത സംഗീത വിസ്മയങ്ങൾ കൊണ്ടും പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടും കണ്ണൂരിന്റെ ഹൃദയം കീഴടക്കിയ കണ്ണൂർ ദസറക്ക് പ്രൗഢോജ്വല പരിസമാപ്തി. സമാപന സമ്മേളനം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
ദസറ സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും വേളയാണ്. കണ്ണൂർ ദസറ ഉയർത്തുന്ന നന്മയുടെ മദ്രാവാക്യം ലഹരിക്കെതിരെ കൂടിയാണ്. രാജ്യത്ത് സാമുദായിക സൗഹാർദം വെല്ലുവിളി നേരിടുന്ന ഈ കാലത്ത് കണ്ണൂർ ദസറ പോലുള്ള വേദികൾ സൗഹൃദത്തിന്റെ സംഗമങ്ങളാണ്. നന്മയിൽ ഒത്തുകൂടുന്ന പാരമ്പര്യമാണ് കണ്ണൂരിനും കേരളത്തിനുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് അഭിവൃദ്ധി ഉണ്ടാകണമെങ്കിൽ വ്യവസായവും വാണിജ്യവും പുരോഗതി പ്രാപിക്കണം. കണ്ണൂർ ദസറ കണ്ണൂരിലെ വാണിജ്യമേഖലക്ക് പുത്തനുണർവാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു. മേയർ പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ.പി താഹിർ സ്വാഗതം പറഞ്ഞു. വി. ശിവദാസൻ എം.പി, ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, അബ്ദുൽ കരീം ചേലേരി എന്നിവർ മുഖ്യാതിഥികളായി. എ.എം.വി മൊയ്തു നിക്ഷാൻ ഇലക്ട്രോണിക്സ്, യുവ സംരംഭകൻ സി.കെ മുഹമ്മദ് ഷഹസുർ എന്നിവർക്ക് ആദരവ് നൽകി.
ഐ.ഡി.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ വിനോദ്‌കുമാർ, ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. സൂരജ്, കെ.എസ്.ആർ.ടി.സി ടൂറിസം സെൽ കോർഡിനേറ്റർ കെ.ആർ തൻസീർ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ എ.ജി.എം. ബി.ആർ.പി ഉണ്ണിത്താൻ എന്നിവർ വിശിഷ്ടാതിഥികളായി. സംഘാടകസമിതി കോർഡിനേറ്റർ കെ.സി രാജൻ നന്ദി പറഞ്ഞു. തുടർന്ന് ശിവരഞ്ജിനി കലാക്ഷേത്രം കണ്ണൂർ അവതരിപ്പിച്ച നൃത്തോത്സവം, ദേവ്ന അവതരിപ്പിച്ച ഭരതനാട്യം, ശിവാനി അവതരിപ്പിച്ച മോഹിനിയാട്ടം, നിധി ആൻഡ് ടീം അവതരിപ്പിച്ച കൈകൊട്ടിക്കളി, വജ്ര ജൂബിലി ഫെലോഷിപ് പദ്ധതി കണ്ണൂർ ക്ലസ്റ്റർ അവതരിപ്പിച്ച ഒപ്പന, ശിവദം ടീം അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, ത്രയംബകം ഭജൻസ് അവതരിപ്പിച്ച സംഗീത പരിപാടി എന്നിവ അരങ്ങേറി. ശേഷം കണ്ണൂരിലാദ്യമായി ആകാശത്ത് ദൃശ്യ വിസ്മയം തീർത്ത് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ മെഗാ ഡ്രോൺ ഷോയും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |