
കണ്ണൂർ: മ്യൂണിക്കിൽ ഇന്ത്യയുടെ ഗോൾവല കാത്ത് കേരളത്തിന് ആദ്യ ഒളിമ്പിക് മെഡൽ സമ്മാനിച്ച മാനുവൽ ഫ്രെഡറിക് ഓർമ്മയായിട്ട് ഒരു വർഷം. ജീവിച്ചിരിക്കെ അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ആ കായികതാരത്തിന്റെ പേരിലുള്ള റോഡിന്റെ ഒരു വർഷം മുമ്പ് തകർന്ന ബോർഡ് പുനസ്ഥാപിക്കാൻ പോലും കോർപറേഷൻ അധികൃതർ മടിച്ചുനിൽക്കുകയാണ്.
പള്ളിയാംമൂലയിൽ സംസ്ഥാന സർക്കാർ വീട് നിർമ്മിച്ചുനൽകിയതിനു പിന്നാലെ ടി.ഒ. മോഹനൻ മേയറായിരിക്കെയാണ് കോർപറേഷൻ പയ്യാമ്പലം ശാന്തിതീരംപള്ളിയാംമൂല റോഡിന് ഒളിമ്പ്യന്റെ പേര് നൽകി ബോർഡ് സ്ഥാപിച്ചത്. ആ ബോർഡാണ് ഇപ്പോൾ ഇല്ലാതായത്.
മാനുവൽ ഫ്രെഡറിക്കിന് അവഗണന നേരിടുന്നത് ഇതാദ്യമായല്ല. 2021ൽ ടോക്കിയോയിൽ പി.ആർ.ശ്രീജേഷ് വെങ്കലം നേടുംവരെ കേരളത്തിന്റെ ഏക ഒളിമ്പിക് മെഡൽ ജേതാവായിരുന്നു അദ്ദേഹം.എന്നിട്ടും വലിയ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയില്ല. 1972ലെ ഒളിമ്പിക് ടീമിലെ പലർക്കും അർജുന പുരസ്കാരവും പദ്മ ബഹുമതികളും ലഭിച്ചപ്പോഴും മാനുവൽ ഫ്രെഡറിക് പരിഗണിക്കപ്പെട്ടില്ല. പദ്മശ്രീക്കായുള്ള കുടുംബത്തിന്റെ ആവശ്യവും അവഗണിക്കപ്പെട്ടു. ബെംഗളൂരുവിലെ ആശുപത്രിയിൽ അർബുദ ചികിത്സയിലിരിക്കെ 2025 ഒക്ടോബർ 31നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 78 വയസ്സായിരുന്നു.
ഒട്ടേറെ സ്മാരകങ്ങൾ നിരന്നുനിൽക്കുന്ന കണ്ണൂരിൽ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ ഒരു കായികതാരത്തോട് നീതി പുലർത്താൻ ഇനി എത്രനാൾ കാത്തിരിക്കണമെന്നാണ് കായികപ്രേമികൾ ചോദിക്കുന്നത്.
ഇന്ത്യയുടെ ടൈഗർ ഗോളി
1972ലെ മ്യൂണിക് ഒളിമ്പിക്സിൽ നെതർലൻഡ്സിനെ കീഴടക്കി ഇന്ത്യ വെങ്കലം നേടിയപ്പോൾ വലയ്ക്കു മുന്നിൽ മാനുവൽ ഫ്രെഡറിക് ആയിരുന്നു. ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ മലയാളിയായ അദ്ദേഹം ഏഴു വർഷം ദേശീയ ടീമിൽ കളിച്ചു. രണ്ടു ലോകകപ്പുകളിലും പങ്കെടുത്തു. 1978ൽ ബ്യൂണസ് ഐറിസ് ലോകകപ്പിലും ഇന്ത്യയുടെ ഗോൾകീപ്പറായിരുന്നു. ദേശീയ ചാമ്പ്യൻഷിപ്പുകളിൽ 16 തവണ ടൈബ്രേക്കറിൽ ടീമിനെ വിജയത്തിലെത്തിച്ച റെക്കോർഡും ഈ ടൈഗർ ഗോളിയുടെ പേരിലാണ്. 2019ൽ മേജർ ധ്യാൻചന്ദ് പുരസ്കാരം ലഭിച്ചു.
മകൾ കത്തയച്ചു; മറുപടിയില്ലാതെ കോർപറേഷൻ
പയ്യാമ്പലം ബീച്ച് റോഡിലെ ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് റോഡ് ബോർഡ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മകൾ ഫ്രഷീന ഫ്രെഡറിക് കണ്ണൂർ കോർപറേഷൻ മേയർക്ക് രണ്ടു തവണയാണ് കത്തു നൽകിയത്. എന്നാൽ നടപടിയുണ്ടായില്ല. ഒളിമ്പ്യന്റെ വിയോഗത്തിനു പിന്നാലെ കഴിഞ്ഞ നവംബറിലാണ് ബോർഡ് നീക്കം ചെയ്യപ്പെട്ടത്.
ഈ വർഷം ഏപ്രിലിൽ നൽകിയ ആദ്യ നിവേദനത്തിന്റെ മുകളിൽ നടപടി സ്വീകരിക്കാനും ബോർഡ് എത്രയും വേഗം പുനഃസ്ഥാപിക്കാനും സോണൽ ഓഫീസർക്ക് നിർദേശം പോയിരുന്നു. പുതുക്കൽ നടപടികൾ പൂർത്തിയായെന്നും പുതിയ ബോർഡ് ഉടൻ സ്ഥാപിക്കുമെന്നും അദ്ദേഹം കുടുംബത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ബോർഡ് തിരിച്ചെത്തിയില്ല. ഇതോടെയാണ് വാർഷികത്തിന് തൊട്ടുമുമ്പ് ഫ്രഷീന ഫോളോഅപ്പ് കത്ത് നൽകിയത്.
പിതാവ് ഇന്ത്യൻ ഹോക്കിക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് നാമകരണം ചെയ്ത റോഡാണിത്. ഞങ്ങളുടെ കുടുംബത്തിനും കണ്ണൂരിലെ കായിക സമൂഹത്തിനും അഭിമാനമായിരുന്നു ഈ ബോർഡ്. ആറു പതിറ്റാണ്ടിലേറെ കളിക്കാരനായും പരിശീലകനായും മാർഗദർശിയായും ഇന്ത്യൻ ഹോക്കിക്കായി ജീവിച്ച ഒരാളുടെ ഓർമയ്ക്കുള്ള ആദരമാണ് ഇല്ലാതാകുന്നത്, ബോർഡ് തിരികെ സ്ഥാപിക്കുന്നത് ഭാവി തലമുറകൾക്കായി അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താനുള്ള ഉചിതമായ ആദരമാകും- ഫ്രഷീന (മാനുവൽ ഫ്രെഡറിക്സിന്റെ മകൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |