
കണ്ണൂർ:മഴ മാറിയിട്ടും മഴക്കെടുതിയിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണിക്കാവശ്യമായ ധനസഹായം എത്തിയില്ല. കണ്ണൂർ ജില്ലയിൽ മാത്രം 616 കുടുംബങ്ങളാണ് കാലവർഷക്കെടുതിയിലും വെള്ളപ്പൊക്കത്തിലുമുണ്ടായ നാശനഷ്ടത്തിന്റെ പരിഹാരം കാത്തിരിക്കുന്നത്.
ഫ്ലഡ് റിലീഫ് പോർട്ടലിലെ കണക്ക് പ്രകാരം കണ്ണൂർ ജില്ലയിൽ 770 വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചതായി രജിസ്റ്റർ ചെയ്തത്. ഇതിൽ ആകെ 154 വീട്ടുടമകൾക്ക് നഷ്ടപരിഹാരം ലഭിച്ചു. ബാക്കിയുള്ള കുടുംബങ്ങൾക്കാണ് സഹായമെത്താനുള്ളത്.മഴക്കെടുതിയിൽ ദുരിതമനുഭവിച്ചവർക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച പതിനായിരം രൂപയുടെ അടിയന്തര സഹായവും പലർക്കും ലഭിച്ചിട്ടില്ല.
കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ ഉരുൾപൊട്ടൽ ഉൾപ്പെടെ വലിയ കെടുതികളാണുണ്ടായത്.വീടുകൾക്ക് പുറമെ വ്യാപകമായ കൃഷിനാശവും നേരിട്ടു.. ഉരുൾപൊട്ടലുണ്ടായ ചെറുപുഴ പഞ്ചായത്തിലെ വീടുകൾ പൂർണമായും വാസ്യയോഗ്യമല്ലാതായിരുന്നു. പല വീടുകളുടെയും ഭീത്തികളും മറ്റും വീണ്ടുകീറുകയും ചെയ്തിരുന്നു. വാസ്യയോഗ്യമല്ലാതായതിനെ തുടർന്ന് ആളുകൾ ഇവിടെ നിന്നും മാറിയിരുന്നു. മഴയ്ക്ക് ശേഷം വീടുകൾ വൃത്തിയാക്കാനും അറ്റകുറ്റപണിക്കുമായി വലിയ തുകയാണ് എല്ലാവർക്കും ചിലവായത്.ലോണെടുത്തും കടം വാങ്ങിയുമാണ് പല വീട്ടുടമകളും അറ്റകുറ്റപ്പണി നടത്തിയത്. ദുരിതാശ്വാസക്യമ്പിൽ നിന്നും പലരും ബന്ധുവീടുകളിലേക്കാണ് മടങ്ങിയത്.
നാശനഷ്ടമുണ്ടായത് നിരവധി വീടുകൾക്ക്
പ്രകൃതിക്ഷോഭത്തെ തുടർന്ന് ഉദയഗിരിയിൽ മാത്രം 88 വീടുകൾക്ക് നാശനഷ്ടം നേരിട്ടിരുന്നു . മണ്ണും ചെളിയും കല്ലും അടിഞ്ഞ് പല വീടുകളും താമസയോഗ്യമല്ലാതായി.ഇവയിൽ പലതും ഇപ്പോഴും പൂർവസ്ഥിതിയിലായിട്ടില്ല. വീടുകളോട് ചേർന്ന് മണ്ണും കല്ലും ഇപ്പോഴും നീക്കാതെ കിടക്കുകയാണ്. മണ്ണ് നീക്കാൻ നല്ല ചിലവ് വരുമെന്നതിനാലാണിത് .കെടുതിക്കിരയായവരിൽ പലരും ബന്ധുവീടുകളിലും വാടകവീട്ടിലുമായി തുടരുകയാണ്. ഇരിട്ടി, തളിപ്പറമ്പ്, തലശേരി താലൂക്കുകളിലും നിരവധി വീടുകൾക്ക് നാഷനഷ്ടം നേരിട്ടു.
കാസർകോട്ടും നഷ്ടപരിഹാരം ബാക്കി
447 വീടുകൾക്ക് നാശനഷ്ടമുണ്ടായ കാസർകോട് ജില്ലയിൽ 46 ഉടമകൾക്ക് മാത്രമാണ് ഇതുവരെ ധനസഹായം ലഭിച്ചത്. കോഴിക്കോട് ജില്ലയിലാകട്ടെ നാശനഷ്ടം നേരിട്ട 784 വീടുകളിൽ ഒന്നിന് പോലും ധനസഹായം ലഭിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |