SignIn
Kerala Kaumudi Online
Saturday, 31 October 2026 5.56 AM IST

ഉളിക്കൽ പൊതു ശ്മശാനത്തിൽ ആളിക്കത്തി പ്രതിഷേധം

sndp

ഉളിക്കൽ : ഉളിക്കൽ പൊയ്യൂർക്കരിയിലുള്ള പൊതുശ്മശാനം പ്രവർത്തനസജ്ജമാക്കാത്തതിനെതിരെ പ്രതിഷേധം കത്തുന്നു. ജനറേറ്റർ അടക്കമുള്ള ഉപകരണങ്ങൾ കേടായും പരിസരമാകെ കാടുപിടിച്ചും കടുത്ത അവഗണന നേരിടുന്ന ശ്മശാനം പ്രവർത്തനസജ്ജമാക്കണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി അടക്കമുള്ള സംഘടനകൾ സമരമുഖത്തുണ്ട്. നാൽപതിനായിരത്തോളം പേർ താമസിക്കുന്ന ഉളിക്കലിലെ ഈ പൊതുശ്മശാനം ഉപയോഗയോഗ്യമല്ലാത്തതിനാൽ മണിക്കൂറുകൾ ചിലവിട്ട് മറ്റ് പഞ്ചായത്തുകളിലെ ശ്മശാനങ്ങളിലേക്കും സമുദായശ്മശാനങ്ങളിലേക്കും മൃതദേഹങ്ങൾ കൊണ്ടുപോകേണ്ട സാഹചര്യത്തിലാണ് പ്രതിഷേധം ഉയരുന്നത്.

1998ലാണ് ഉളിക്കലിൽ പൊതു ശ്മശാനം സജ്ജീകരിച്ച് പ്രവർത്തിപ്പിച്ചു തുടങ്ങിയത്. ആധുനിക രീതിയിൽ ഗ്യാസ് ക്രിമിറ്റോറിയം 2010ൽ സ്ഥാപിച്ചു. എന്നാൽ വേണ്ട രീതിയിൽ പരിപാലിക്കാത്തതിനാൽ മിക്ക ഉപകരണങ്ങളും വൈകാതെ കേടായി. ലക്ഷക്കണക്കിന് രൂപ ചിലവിട്ട് വാങ്ങിയ ഉപകരണങ്ങളാണ് കാടുമൂടിയും തുരുമ്പെടുത്തും വെള്ളം കയറിയും നശിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി ശ്മശാനം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. നാലുമാസം മുമ്പ് പ്രവർത്തിപ്പിച്ചെങ്കിലും പിന്നാലെ വെള്ളം കയറി വീണ്ടും ഉപയോഗശൂന്യമായി.ചൂള വെക്കാനുള്ള സൗകര്യം ഉണ്ടെങ്കിൽ പോലും വിറകും ചിരട്ടയും കിട്ടാനില്ലെന്ന് പറഞ്ഞാണ് ഒടുവിൽ ശ്മശാനത്തിന്റെ പ്രവർത്തനം നിർത്തിയത്.

പ്രതിഷേധമുയർന്നപ്പോൾ പ്രഖ്യാപനം

വിവിധ സംഘടനകളെ ഏകോപിപ്പിച്ച് എസ്.എൻ.ഡി.പി യോഗം ഉളിക്കൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉളിക്കൽ ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് പ്രഖ്യാപിച്ചതോടെ ഗ്രാമപഞ്ചായത്ത് അധികൃതർ ശ്മശാനം തുറന്നതായി പ്രഖ്യാപനം നടത്തി. എന്നാൽ കേടായ ജനറേറ്റർ പോലും നന്നാക്കാതെയായിരുന്നു പ്രഖ്യാപനം. പഞ്ചായത്തിലേക്ക് നടത്തിയ മാർച്ചിൽ അടുത്ത ഒരു വർഷത്തേക്ക് ആവശ്യമായ വിറക് നൽകാമെന്ന് എസ്.എൻ.ഡി.പി പ്രഖ്യാപിക്കുകയും ചെയ്തു. പഞ്ചായത്ത് ഓഫീസിലേക്കുള്ള മാർച്ച് ഇരിട്ടി താലൂക്ക് എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയും സമരസമിതി ചെയർമാനുമായ പി.എൻ.ബാബു

ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.വി. അജി അദ്ധ്യക്ഷത വഹിച്ചു.ഉളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പറും സമരസമിതി കൺവീനറുമായ എൻ.കെ.റോയി,. എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് കെ.രാമചന്ദ്രൻ,വിശ്വകർമ്മ സമിതി അംഗം എം.ജി.ഷണ്മുഖൻ, പട്ടികജാതി ക്ഷേമ സമിതി അംഗം എം.എൻ..ശശി, ബി.ദിവാകരൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അനൂപ് പനയ്ക്കൽ, ളളിക്കൽ ലൈബ്രറി കൗൺസിൽ അംഗം കെ.ജനാർദ്ദനൻ, സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്റ് കെ.എൻ.ശിവദാസൻ,കൃഷ്ണാടിയിൽ മോഹനൻ., സന്തോഷ് മണിപ്പാറ, വ്യാപാരി വ്യവസായി സെക്രട്ടറി എം.ഡി.വിനു,അഡ്വ. കെ.ചന്ദ്രൻ,കെ.ആർ.രഘു, ഐ.ആർ.പി.സി പ്രതിനിധി ബാബു കുര്യക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ശ്മശാനം പ്രവർത്തനക്ഷമമാകേണ്ടത് പൊതു ആവശ്യമാണെന്ന തിരിച്ചറവോടെയാണ് എസ്.എൻ.ഡി.പി. യോഗം മുന്നോട്ടു പോകുന്നത്. സൂചനാ സമരമെന്ന നിലയിലാണ് മാർച്ച് സംഘടിപ്പിച്ചത്മുഖ്യമന്ത്രിക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകി മുന്നോട്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം.

പി. എൻ. ബാബു,​സമരസമിതി ചെയർമാൻ,സെക്രട്ടറി എസ്.എൻ.ഡി.പി യോഗം ഇരിട്ടി യൂണിയൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL