SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

ജപ്തി ഭീഷണിയിൽ ത്രോബാൾ സംസ്ഥാന താരവും കുടുംബവും

aswathy
അശ്വതിയും ഭർത്താവ് നിധിനും തോമസും

തളിപ്പറമ്പ്: പുളിമ്പറമ്പ് തോട്ടറമ്പിൽ താമസിക്കുന്ന ത്രോബാൾ സംസ്ഥാന താരം അശ്വതിയും കുടുംബവും ജപ്തി ഭീഷണിയിൽ. ചെങ്ങളായി നെല്ലിക്കുന്ന് സ്വദേശിയാണ് അശ്വതി. തോട്ടാറമ്പിലെ ആരംഭൻ സുനില -തോമസ് ദമ്പതികളുടെ മകൻ നിധിനാണ് അശ്വതിയെ വിവാഹം ചെയ്തത്. ഇവർക്ക് ആറും രണ്ടും വയസ് പ്രായമുള്ള പെൺകുട്ടികളാണുള്ളത്.
കേരള ബാങ്കിൽ നിന്നും വായ്പ എടുത്താണ് കുടുംബം തോട്ടാറമ്പിൽ വീട് പണിതത്. ഭാഗികമായി
പണി പൂർത്തീകരിച്ച് താമസം തുടങ്ങി. തോമസും നിധിനും കൂലിവേല ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. എന്നാൽ മരം മുറി ജോലിക്കിടെ വീണ് കാലുപൊട്ടി നിധിൻ ചികിത്സയിലായി. ഉറൂളി വിഷം തീണ്ടി ഗുരുതരാവസ്ഥയിലായ തോമസും ചികിത്സയിലാണ്. ഇതോടെ വായ്പ തിരിച്ചടവ് മുടങ്ങി. മൂന്ന് മാസം മുമ്പ് കേരള ബാങ്കിന്റെ തളിപ്പറമ്പ് ശാഖയിൽ നിന്നും ജപ്തി നോട്ടീസും എത്തി.
ബാങ്കുകാർ വീടുപൂട്ടി സീൽ വച്ചതോടെ കുടുംബം വീട്ടിൽ നിന്നും പുറത്തായി. വീടിനോട് ചേർന്ന ഒറ്റമുറി ഷെഡിലാണ് ആറംഗ കുടുംബം താമസം. കണ്ണൂർ വിമൻസ് കോളേജിലെ ബിരുദ പഠനത്തിനു ശേഷം അശ്വതി മട്ടന്നൂർ കോളേജിൽ ത്രോബാൾ പരിശീലകയായി തത്കാലിക ജോലിയിൽ പ്രവേശിച്ചിരുന്നു. പ്രസവത്തിനായി അവധിയെടുത്തതോടെ ആ ജോലിയും ഇല്ലാതായി.
ത്രോബാൾ താരമായ അശ്വതി ഡൽഹി, ചണ്ഡിഗഡ്, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ സംസ്ഥാനങ്ങളിൽ കേരളത്തിനായി പോരാടിയിട്ടുണ്ട്. നാല് തവണ മുഖ്യമന്ത്രി വി.ഡി സതീശനെ കാണാൻ തിരുവനന്തപുരത്ത് പോയെങ്കിലും കുടുംബത്തിന് മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ സാധിച്ചില്ല. അശ്വതിയുടെ കുടുംബത്തിന്റെ ദുരിതാവസ്ഥ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട, കെ. സുധാകരൻ എം.പി, ടി.കെ ഗോവിന്ദൻ എം.എൽ.എ എന്നിവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BANKLOAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL