കട്ടപ്പന: അനധികൃത വഴിയോരക്കച്ചവടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.വി.വി.ഇ.എസ് നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തും. ഇന്ന് രാവിലെ 11ന് നടക്കുന്ന പരിപാടി കെ.വി.വി.ഇ.എസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്ന രീതിയിൽ വഴിയോരക്കച്ചവടം നടക്കുന്ന കാഴ്ചയാണ് എല്ലാ ടൗണുകളിലും കാണുന്നത്. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽനിന്ന് വിവിധങ്ങളായ ലൈസൻസുകൾ എടുത്ത് വലിയ അഡ്വാൻസും വാടകയും നൽകി വ്യാപാര സ്ഥാപനങ്ങൾ നടത്തുമ്പോഴാണ് യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ വഴിയോരങ്ങളിലും വാഹനങ്ങളിലും ചിലർ വഴിയോരക്കച്ചവടം നടക്കുന്നത്. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ക്യാരി ബാഗുകളിൽ ഗുണമേന്മയില്ലാത്ത ഉൽപ്പന്നങ്ങൾ അമിതമായ വിലയീടാക്കികൊണ്ടാണ് പലയിടങ്ങളിലും വിൽപ്പന. പരിശോധിച്ച മുദ്രവച്ച അളവ് തൂക്ക ഉപകരണങ്ങൾ വ്യാപാരികൾക്ക് നിർബന്ധമാണെങ്കിലും ഇവയൊന്നും വഴിയോരക്കച്ചവടക്കാർക്ക് ബാധകമല്ല. പാക്കേജ് കമ്മോഡിറ്റീസ് ആക്ട്, മായം ചേർക്കൽ നിയമം തുടങ്ങിയവ സംബന്ധിച്ച് അവർ കേട്ടിട്ടേയില്ല. തുറസായ അന്തരീക്ഷത്തിലാണ് ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നത്. ഇതിനെല്ലാമുപരി കാൽനടയാത്രക്കാരുടെയും വാഹനങ്ങളുടെയും സഞ്ചാരം താറുമാറാക്കിക്കൊണ്ടാണ് വാഹനങ്ങളിലും മറ്റുമായി കച്ചവടം നടക്കുന്നത്. പിഴയിടാക്കുന്ന ഉദ്യോഗസ്ഥർ പോലും വഴിയോരക്കച്ചവടക്കാരുടെ നേരെ കണ്ണടയ്ക്കുകയാണ്. എന്തിനും ഏതിനും സംഘടനകൾ ഉണ്ടാക്കുന്നവർ ഇങ്ങനെയുളളവരുടെ യൂണിയൻ ഉണ്ടാക്കി പ്രസ്ഥാനങ്ങളെങ്കിലും നിയമത്തെയും പൗരാവകാശങ്ങളെയും വെല്ലുവിളിക്കുകയാണ്. ചെറുകിട വ്യാപാര മേഖലയിലെ സംരംഭകരെയും ആ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്നതും സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നതും ഗുണമേന്മ ഇല്ലാത്ത ഉൽപ്പന്നങ്ങൾ അമിതവിലയ്ക്ക് നൽകി ജനങ്ങളെ കബളിപ്പിക്കുന്നതുമായ വഴിയോരക്കച്ചവടങ്ങൾ എത്രയും വേഗം അവസാനിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ, സാജൻ ജോർജ്, ബൈജു എബ്രഹാം, സിജോമോൻ ജോസ്, ജോഷി കുട്ടട എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |