തലശ്ശേരി: തലശ്ശേരി മുൻസിപ്പൽ ഇൻഡോർ കോർട്ടിൽ ആവേശകരമായി തുടരുന്ന 70-ാമത് കേരള സംസ്ഥാന പുരുഷ-വനിതാ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ ലീഗ് റൗണ്ട് മത്സരങ്ങൾ പൂർത്തിയായതോടെ പ്രമുഖ ടീമുകളെല്ലാം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, പത്തനംതിട്ട എന്നീ ടീമുകൾ അവസാന എട്ടിൽ യോഗ്യത നേടിയപ്പോൾ; വനിതകളിൽ തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, പാലക്കാട്, ആലപ്പുഴ, കണ്ണൂർ എന്നീ ടീമുകളാണ് ക്വാർട്ടർ പോരാട്ടങ്ങളിലേക്ക് പ്രവേശിച്ചത്.
തീപാറിയ അവസാന ലീഗ് മത്സരങ്ങളിൽ, പുരുഷന്മാരുടെ പൂൾ എയിൽ കോട്ടയത്തെ കടുത്ത പോരാട്ടത്തിൽ കൊല്ലം കീഴടക്കി (89-88). കൊല്ലത്തിനായി ജിഷ്ണു (19), അജിൻ (17) എന്നിവരും കോട്ടയത്തിനായി ആൽബി (22), ചാർലി (22) എന്നിവരും തിളങ്ങി. മറ്റ് മത്സരങ്ങളിൽ തൃശ്ശൂർ പാലക്കാടിനെയും (93-79), പാലക്കാട് മലപ്പുറത്തെയും (64-58), കണ്ണൂർ ഇടുക്കിയെയും (92-81), ഇടുക്കി കോഴിക്കോടിനെയും (80-53), പത്തനംതിട്ട കാസർകോടിനെയും (84-42) പരാജയപ്പെടുത്തി. വനിതാ വിഭാഗത്തിൽ തിരുവനന്തപുരം കോഴിക്കോടിനെ വീഴ്ത്തിയപ്പോൾ (77-57), കൊല്ലം ആലപ്പുഴയെയും (79-64), കോട്ടയം കാസർകോടിനെയും (61-17), പാലക്കാട് കൊല്ലത്തെയും (82-65), കണ്ണൂർ എറണാകുളത്തെയും (71-57) പരാജയപ്പെടുത്തി ഗ്രൂപ്പ് ഘട്ടത്തിൽ മേധാവിത്വം നിലനിർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |