ശ്രീകാര്യം: അഭിറാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ 16 അംഗ സംഘമാണ് ദുരൂഹത നീക്കാനും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനുമായി അന്വേഷണം ആരംഭിച്ചത്.
ഫോൺവിളികൾ,ഇൻസ്റ്റഗ്രാം,വാട്‌സ്ആപ് ചാറ്റുകൾ തുടങ്ങിയവ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. അതേസമയം അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നിരവധി ചാറ്റുകൾ അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തി. ചാറ്റുകൾ എങ്ങനെ ഡിലീറ്റ് ചെയ്യപ്പെട്ടുവെന്ന് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഉമർമുഫ്താർ,ആനന്ദ എന്നിവരെ റിമാൻഡ് ചെയ്തു.
കേസിലെ ഒന്നാം പ്രതിയായ 17 കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയശേഷം ചൊവ്വാഴ്ച വൈകിട്ട് തന്നെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റിയിരുന്നു. പ്രതികളുമായെത്തി ഇതിനകം തെളിവെടുപ്പ് നടത്തിയ സാഹചര്യത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ,സാഹചര്യത്തെളിവുകൾ എന്നിവ ശേഖരിക്കുകയാണ് അന്വേഷണ സംഘം. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് ഇന്നലെയും പൊലീസ് പരിശോധന നടത്തി. അതിനിടെ അഭിറാം കൊല്ലപ്പെട്ട ദിവസം വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
അതേസമയം കൊലപാതകത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് സിറ്റി പൊലിസ് കമ്മിഷണർ റിപ്പോർട്ട് നൽകി. അഭിറാമിനെ കാണാനില്ലെന്ന് ബന്ധുക്കൾ രാത്രിയിലാണ് പരാതി നൽകിയത്. ഉടൻ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ കണ്ടെത്തുകയും ഒന്നാം പ്രതിയെ അന്നുതന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ സ്റ്റേഷനിൽ നിറുത്താൻ കഴിയാത്ത സാഹചര്യം പരിഗണിച്ച് മാതാപിതാക്കൾക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൃത്യമായ അന്വേഷണം നടത്തിയതുകൊണ്ടാണ് പ്രതികളെ രക്ഷപ്പെടാനാകാത്തവിധം കുടുക്കിയതെന്നും കമ്മിഷണർ വ്യക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |