# കുട്ടികളിലെ സർഗാത്മകത വളർത്താൻ ജില്ലാ പഞ്ചായത്ത്
കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ 'ഒരു വിദ്യാലയത്തിൽ ഒരു കല' പദ്ധതിക്ക് ജില്ലയിൽ തുടക്കം. ജില്ലാതല ഉദ്ഘാടനം പാപ്പിനിശ്ശേരി ഇ.എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. ഷബ്ന അദ്ധ്യക്ഷയായി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡി. ഷൈനി പദ്ധതി വിശദീകരിച്ചു.
കുട്ടികൾക്ക് അറിവ് പകരുന്നതിനൊപ്പം അവരുടെ സർഗ്ഗാത്മകതയും പൈതൃകബോധവും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 11 മുതൽ 14 വയസുവരെയുള്ള (6, 7, 8 ക്ലാസുകളിലെ) കുട്ടികൾക്കാണ് അവസരം ലഭിക്കുന്നത്. നാടൻ പാട്ട്, ശില്പകല, ചിത്രകല, കരകൗശലവിദ്യ എന്നിങ്ങനെ നാല് പ്രധാന മേഖലകളിലാണ് പരിശീലനം ലഭ്യമാക്കുക.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തൻ, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബോബി എണ്ണച്ചേരിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.വി പവിത്രൻ, പി.വി ജയശ്രീ, എ.വി ലേജു,സ്‌കൂൾ പ്രിൻസിപ്പൽ എ.വി റീനാകുമാരി, പ്രധാന അദ്ധ്യാപിക എ.കെ മിനി, സീനിയർ അസിസ്റ്റന്റ് ഇ.എൻ ദിനേശ് ബാബു, പി.ടി.എ പ്രസിഡന്റ് സുജിത്ത് പണ്ണേരി തുടങ്ങിയവർ സംസാരിച്ചു.
ഫണ്ട് വകയിരുത്തിയത് ₹ 7 ലക്ഷം
പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് മൊത്തം 7,00,000 രൂപ വികസന ഫണ്ടിൽ നിന്നും വകയിരുത്തിയിട്ടുണ്ട്. ഒരു സ്‌കൂളിന് 50,000 രൂപ വീതമാണ് ഇതിനായി നൽകുന്നത്. പദ്ധതിയുടെ പൂർത്തീകരണത്തിന് ശേഷം സ്‌കൂൾ - ജില്ലാ നാടൻപാട്ടുകൾ അവതരിപ്പിക്കാൻ കലാ മികവ് പ്രദർശനങ്ങളും നാടൻപാട്ട് ഉത്സവങ്ങളും' സംഘടിപ്പിക്കുകയും പങ്കെടുത്ത കുട്ടികൾക്ക് ഔദ്യോഗിക ചടങ്ങിൽ വെച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്യും. ഓരോ സ്‌കൂളും തിരഞ്ഞെടുത്ത ഒരു കലാ ഇനത്തിലാണ് പരിശീലനം നൽകുന്നത്. വജ്രജൂബിലി ഫെല്ലോഷിപ്പ് നേടിയ വിദഗ്ധരായ കലാകാരന്മാരുടെ നേതൃത്വത്തിൽ കുറഞ്ഞത് 60 മണിക്കൂർ നീളുന്ന ശാസ്ത്രീയമായ പരിശീലനമാണ് നൽകുന്നത്.
തിരഞ്ഞെടുത്തിരിക്കുന്ന സ്കൂളുകൾ
1. ചെറുകുന്ന് ബോയ്സ് ജി.എച്ച്.എസ്.എസ്
2. ചുഴലി ജി.എച്ച്.എസ്.എസ്
3. കടന്നപ്പള്ളി ജി.എച്ച്.എസ്.എസ്
4. കതിരൂർ ജി.വി.എച്ച്.എസ്.എസ്
5. കരിവെള്ളൂർ എ.വി.എസ് ജി.എച്ച്.എസ്.എസ്
6. കോട്ടയം മലബാർ ജി.എച്ച്.എസ്.എസ്
7. കുഞ്ഞിമംഗലം ജി.എച്ച്.എസ്.എസ്
8. പടിയൂർ ജി.എച്ച്.എസ്.എസ്
9. പാലാ ജി.എച്ച്.എസ്.എസ്
10. പാപ്പിനിശ്ശേരി ഇ.എം.എസ്
11. തടിക്കടവ് ജി.എച്ച്.എസ്
12. പിണറായി എ.കെ.ജി മെമ്മോറിയൽ
13. ഉളിക്കൽ ജി.എച്ച്.എസ്.എസ്
14. വേങ്ങാട് ഇ.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |