കണ്ണൂർ: അപകടഭീഷണിയിലായ കണ്ണൂർ ഡി.ഡി.ഇ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റും. പുതിയ ഓഫീസ് കെട്ടിടത്തിന് സർക്കാർ ഫണ്ട് അനുവദിച്ചതോടെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കാനാണ് ഉത്തരവ്. ഒരു മാസത്തിനുള്ളിൽ ഇവിടെ പ്രവർത്തിക്കുന്ന ഓഫീസ് താത്ക്കാലികമായി കളക്ടറേറ്റിലേക്ക് മാറുകയും ശേഷം നിർമ്മാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്യും.
150 വർഷത്തിലേറെ പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടത്തിൽ എല്ലാ മുറികളും ചോർന്നൊലിക്കുന്ന നിലയിലാണ്. നിലവിൽ 97 ജീവനക്കാരാണ് ഡി.ഡി.ഇ ഓഫീസ് കേന്ദ്രീകരിച്ച് ജോലി ചെയ്യുന്നത്. മുമ്പ് ഓട് പൊട്ടി ഒരു ജീവനക്കാരന്റെ ദേഹത്ത് വീഴുകയും പരിക്ക് പറ്റുകയും ചെയ്തിരുന്നു.
മഴക്കാലത്ത് വെള്ളം വീണ് ഓഫീസിനുള്ളിൽ ഇരിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. കംപ്യൂട്ടറുകൾക്ക് കേടുപാടുകൾ ഉണ്ടാകുകയും ഫയലുകൾ വെള്ളത്തിലാകുകയും ചെയ്ത സാഹചര്യവുമുണ്ടായിരുന്നു.
ബ്രിട്ടീഷുകാരിട്ട ഓട് പൊട്ടിയത് മാറ്റി; അതാണ് മാറ്റം
ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന കെട്ടിടം 60 വർഷം മുൻപാണ് വിദ്യാഭ്യാസ വകുപ്പിന് കൈമാറിയത്. ഓട് പൊട്ടിയത് മാറ്റുകയും ചില വയറിംഗ് പ്രവൃത്തികൾ നടത്തുകയുമല്ലാതെ മറ്റൊരു നവീകരണ പ്രവൃത്തിയും ഇവിടെ ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ വർഷങ്ങളായി ജീവനക്കാർ സർക്കാരിനെ അറിയിക്കുന്നുണ്ടായിരുന്നു. പത്തുവർഷം മുമ്പ് മന്ത്രി സി. രവീന്ദ്രനാഥ് ഇവിടെ ആർട്ട് ഗാലറിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോൾ ഡി.ഡി.ഇ ഓഫിസ് കെട്ടിടം ഉൾപ്പടെ പൈതൃകമായ സമ്പത്തായി കണക്കാക്കി സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ല.
ചിലത് നന്നായി, ചിലത് മോശം
കണ്ണൂർ സബ് രജിസ്ട്രാർ ഓഫീസിന് പിന്നിൽ ട്രെയിനിംഗ് സ്‌കൂൾ കോംപൗണ്ടിനകത്താണ് ഡി.ഡി.ഇ ഓഫീസ് പ്രവർത്തിക്കുന്നത്. രണ്ടേക്കർ സ്ഥലത്ത് ഡി.ഡി.ഇ ഓഫീസിന് പുറമേ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കോംപൗണ്ടിൽ ശിക്ഷക് സദൻ, ഡി.ഡി.ഇ ഓഫീസ്, ബി.ആർ.സി, എസ്.എസ്.എ, ആർ.എം.എസ്.എ, എ.ഇ ഓഫിസ്, ട്രെയിനിംഗ് സ്‌കൂൾ, അങ്കണവാടി തുടങ്ങിയവ പ്രവർത്തിക്കുന്നു. ഇതിൽ ചില കെട്ടിടങ്ങൾ വിവിധ ഘട്ടങ്ങളിലായി പുതുക്കി പണിതിട്ടുണ്ട്. ചില കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ അപകടഭീഷണി നേരിടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |