കണ്ണൂർ: വിദ്യാലയങ്ങളിലെ അതിക്രൂരമായ റാഗിംഗ് സംഭവങ്ങളിൽ കേരള ജനത ഞെട്ടിയിരിക്കെ, ജില്ലയിലും റാഗിംഗ് കേസുകൾ ഏറുന്നതായി കണക്കുകൾ. കൊളവല്ലൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ നിലത്തിട്ട് ചവിട്ടി കൈയൊടിച്ച സംഭവമാണ് ജില്ലയിൽ ഏറ്റവും ഒടുവിലത്തേത്. ഇടത് കൈയ്ക്ക് സാരമായി പരുക്കേറ്റ വിദ്യാർത്ഥി നിലവിൽ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരേ കൊളവല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഈ അധ്യയന വർഷം ക്ലാസുകൾ തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ നിരവധി പരാതികൾ വിവിധ പൊലീസ് സ്റ്റേഷനുകളിലെത്തുകയുണ്ടായി. കഴിഞ്ഞ ജൂലായ് മാസം ചിറക്കൽ രാജാസ് സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ 15 സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചിരുന്നു. തൊട്ടടുത്ത ദിവസം തോട്ടട സ്‌കൂളിലും സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ ഒരു വിദ്യാർത്ഥി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി. ശ്രീകണ്ഠാപുരം ഗവൺമെന്റ് എച്ച്.എസ്.എസിൽ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ മർദ്ദിച്ചതിന് 21 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരുന്നു. സഹപാഠിയെ മർദ്ദിച്ച സംഭവത്തിൽ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളെ തിരിച്ചെടുത്തദിവസം തന്നെയാണ് ഇതേ സംഘം പ്ലസ് വൺ വിദ്യാർത്ഥിയെയും തല്ലിച്ചതച്ചത്.
തളിപ്പറമ്പിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കാൻ ശ്രമിച്ച ഹയർ സെക്കൻഡറി വിദ്യാർത്ഥികളെയും ഇവരുടെ രക്ഷിതാക്കളെയും പരാതിയെ തുടർന്ന് പൊലീസ് വിളിപ്പിച്ച് താക്കീത് ചെയ്ത് വിട്ടയച്ച സംഭവവും ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിലായിരുന്നു. കൂത്തുപറമ്പ് കോട്ടയം മലബാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവത്തിൽ പത്ത് പ്ലസ്ടു വിദ്യാർത്ഥികളുടെ പേരിൽ കൂത്തുപറമ്പ് പൊലീസും കേസെടുത്തിരുന്നു.
മേലെചൊവ്വ ഹയർ സെക്കൻഡറി സ്‌കൂളിൽ റാഗിംഗുമായി ബന്ധപ്പെട്ട പ്രിൻസിപ്പാളിന്റെ പരാതിയിൽ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സഹപാഠികളുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല രീതിയിൽ പ്രചരിപ്പിച്ച ഇരിട്ടി സ്വകാര്യ കോളജ് വിദ്യാർത്ഥികൾക്കെതിരേ കരിക്കോട്ടക്കരി പൊലിസ് കേസെടുത്തത് അടുത്തിടെയാണ്.
ആന്റി റാഗിംഗ് സ്‌ക്വാഡുകൾ നിർജ്ജീവം
സ്‌കൂളുകളിലെ ഡിസിപ്ലിൻ സ്‌ക്വാഡുകളാണ് റാഗിംഗിനെതിരെ നടപടി എടുക്കേണ്ടത്. എന്നാൽ ഇവരുടെ പോലും കണ്ണുവെട്ടിച്ചാണ് വിദ്യാർത്ഥികൾ റാഗിംഗ് നടത്തുന്നത്. ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും രൂപീകരിച്ച ആന്റി റാഗിംഗ് സ്‌ക്വാഡുകളുടെ പ്രവർത്തനം നിലവിൽ നിർജ്ജീവമാണ്. ഒരു സമിതി രൂപീകരിച്ചതല്ലാതെ ബോധവത്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ എവിടെയും കാര്യക്ഷമമായി നടക്കുന്നില്ല.
റാഗിംഗ് നടന്നതായി തെളിഞ്ഞാൽ
രണ്ടുവർഷം വരെ തടവും 10,000 രൂപ വരെ പിഴയും
റാഗിംഗിൽ പങ്കെടുത്തവരും പ്രോത്സാഹിപ്പിക്കുന്നവരും കുറ്റക്കാർ
രണ്ടരലക്ഷം രൂപ വരെ റാഗിംഗ് നടത്തിയവരിൽ നിന്ന് പിഴ ഈടാക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |