SignIn
Kerala Kaumudi Online
Saturday, 24 October 2026 3.52 AM IST

രാമവില്ല്യത്തേക്ക് അന്നദാന വിഭവങ്ങളുമായി കലവറ ഘോഷയാത്രകൾ  

kalavara
നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേതത്തിൽ നിന്നുള്ള കലവറ ഘോഷയാത്ര രാമവില്ല്യം കഴകത്തിൽ എത്തുന്നു

തൃക്കരിപ്പൂർ: ശ്രീരാമവില്ല്യം കഴകം പെരുങ്കളിയാട്ടം കൂടാനെത്തുന്ന പതിനായിരങ്ങൾക്ക് അന്നമൂട്ടുന്നതിനുള്ള കലവറ വിഭവങ്ങളുമായി വിവിധ ക്ഷേത്രങ്ങളിൽ നിന്നും പുറപ്പെട്ട ഘോഷയാത്രകൾ ക്ഷേത്രത്തിലെത്തി.

കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്ഷേത്രങ്ങളിൽ നിന്നും മാതൃസമിതി അംഗങ്ങൾ പത്തും പതിനെട്ടും കിലോമീറ്ററുകൾ കലവറ സാധനങ്ങൾ തലയിലേറ്റി നടന്നാണ് കഴകം തിരുമുറ്റത്ത് സമർപ്പിക്കുന്നത്. അതത് ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികരും കൂട്ടായ്ക്കാരും സമുദായികളും വാല്യക്കാരും മുൻ നിരയിൽ അണിനിരക്കുന്ന ഘോഷയാത്രകളിൽ ക്ഷേത്രപരിധികളിലെ മുഴുവൻ കുടുംബങ്ങളിൽ നിന്നും വനിതകളും കുട്ടികളും സംബന്ധിക്കും.

മാനവിക ഐക്യത്തിന്റെ വിളനിലമായ, പടക്കെത്തി ഭഗവതിയും പൂമാല ഭഗവതിയും വാണരുളുന്ന രാമവില്ല്യം കഴകത്തിൽ ഇന്നലെ മുതൽ ദേവീപ്രസാദമായി അന്നദാനം തുടങ്ങിയിട്ടുണ്ട്. ഒളവറ മുണ്ട്യക്കാവിൽ നിന്നുള്ള കലവറ ഘോഷയാത്രയോടെയാണ് കലവറ ഘോഷയാത്രകൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് കൂലേരി മുണ്ട്യ, തടിയൻ കൊവ്വൽ മുണ്ട്യ, പടന്ന മുണ്ട്യ, പേക്കടം കുറുവാപ്പള്ളി അറ എന്നിവിടങ്ങളിൽ നിന്നുള്ള കലവറ ഘോഷയാത്രകളെത്തി. ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രം, തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് കലവറ വിഭവങ്ങളുമായി ഘോഷയാത്രകൾ എത്തിയതിനു ശേഷമാണ് ഒന്നാം കളിയാട്ട ദിവസം കന്നിക്കലവറയിൽ ദീപം തെളിയിച്ചത്. തുടർന്ന് കണ്ണമംഗലം കഴകം, താഴേക്കാട്ട് മന എന്നിവിടങ്ങളിൽ നിന്നും കലവറ വിഭവങ്ങളെത്തി.

പിന്നീടുള്ള ദിവസങ്ങളിൽ തലയന്നേരി പൂമാല ഭഗവതി ക്ഷേത്രം, തായിനേരി കുറിഞ്ഞി ഭഗവതി ക്ഷേത്രം കുറുവന്തട്ട കഴകം, കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ഘോഷയാത്രകൾ എത്തി. ഞായറാഴ്ച നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം, കുന്നച്ചേരി പൂമാല ഭഗവതി ക്ഷേത്രം, കൊയോങ്കര പൂമാല ഭഗവതി ക്ഷേത്രം, വെള്ളൂർ കൊട്ടണച്ചേരി മഹാക്ഷേത്രം, പയ്യന്നൂർ മമ്പലം ഭഗവതി ക്ഷേത്രം, പയ്യന്നൂർ മാവിച്ചേരി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള കലവറ ഘോഷയാത്രകൾ എത്തിയതോടെ കഴകങ്ങളുടെയും ക്ഷേത്രങ്ങളുടെയും സംഗമമായി അതുമാറി.

തുരുത്തി കഴകത്തിൽ നിന്നുള്ള കലവറ ഘോഷയാത്ര കഴകത്തിലെത്തി കലവറ വല്ലത്തിൽ കുറിയിട്ടതിനു ശേഷമാണ് ഇന്നലെ ഭക്തർക്ക് അന്നദാനം തുടങ്ങിയത്. ആചാര സ്ഥാനികരും വാല്യക്കാരും സ്ത്രീകളും അടക്കം ആയിരക്കണക്കിന് ഭക്തരാണ് 18 കിലോമീറ്റർ സഞ്ചരിച്ച് ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെ കഴകത്തിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, RAMAVILYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL