SignIn
Kerala Kaumudi Online
Thursday, 22 October 2026 7.55 PM IST

ലഹരിവ്യാപനം: ക്യാമ്പസുകളിൽ സംയുക്ത പരിശോധനയ്ക്ക് പൊലീസും എക്സൈസും 

lahari
ലഹരിവ്യാപനം

കാസർകോട്: കോളേജ്, പോളിടെക്നിക്കുകൾ എന്നിവിടങ്ങളിലെ കെട്ടിടങ്ങളിലും ഹോസ്റ്റലുകളിലും പരിശോധന നടത്തുന്നതിന് പൊലീസിനും എക്സൈസിനും മുൻ‌കൂർ അനുമതി വേണ്ടെന്നും മയക്കുമരുന്ന് കണ്ടെത്താൻ എവിടെയും പരിശോധന നടത്താമെന്നും എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചതിനെ തുടർന്ന് ലഹരി മരുന്നുകൾ കണ്ടെത്താനുള്ള സംയുക്ത നീക്കത്തിന് പൊലീസും എക്സൈസും ഒരുങ്ങുന്നു.

സംസ്ഥാന തലത്തിൽ ശനിയാഴ്ച നടത്തിയ സംയുക്ത യോഗത്തിലാണ് മുൻ‌കൂർ അനുമതി ആവശ്യമില്ലെന്ന് ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ചത്. സംസ്ഥാന തല യോഗത്തിന് പിന്നാലെ ജില്ലകളിലും സംയുക്ത യോഗങ്ങൾ ചേരുകയാണ്. കാസർകോട് ജില്ലയിൽ ഇന്ന് യോഗം ചേരുന്നുണ്ട്. സംശയമുള്ള സ്ഥലങ്ങളിൽ സംയുക്ത പരിശോധന നടത്താനും ലഹരി വിതരണക്കാരുടെയും വില്പനക്കാരുടെയും ഏജന്റുമാരുടെയും വിവരങ്ങൾ പരസ്പരം കൈമാറാനും പൊലീസിനും എക്സൈസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

കാസർകോട് എക്സൈസ് ഡെപ്യുട്ടി കമ്മിഷണർ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ, കാസർകോട് ജില്ലാ പൊലീസ് മേധാവി, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് കാസർകോട് യോഗം ചേരുക. കാസർകോട് ജില്ലയിലെ ക്യാമ്പസുകളിൽ ലഹരി എത്തുന്നതായുള്ള പ്രാഥമികവിവരങ്ങളൊന്നും എക്സൈസിനും പൊലീസിനും ഇതുവരെ ലഭിച്ചിട്ടില്ല. ഏതാനും കോളേജുകളിലെ ഹോസ്റ്റലുകളിലടക്കം രഹസ്യ നിരീക്ഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിന്റെ വിവരങ്ങൾ ഇന്നത്തെ യോഗത്തിൽ പരസ്പരം കൈമാറും. ഇനി മുതൽ എക്സൈസ് ചെക്ക് പോസ്റ്റുകളിൽ പൊലീസും ഉണ്ടാകും. ലഹരി ഇടപാടുകാരുടെ ഫോൺ വിവരങ്ങൾ ചോർത്താനും നിർദ്ദേശമുണ്ട്.

എം.ഡി.എം.എ ബംഗളൂരുവിൽ നിന്നും

കർണ്ണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് എത്തുന്ന സ്ഥലമാണ് കാസർകോട്. ബംഗളൂരുവിൽ നിന്നാണ് എം.ഡി.എം.എ കാസർകോട് എത്തുന്നത്. വിദ്യാർത്ഥികൾ ധാരാളമായി എം.ഡി.എം.എ ഉപയോഗിക്കുന്നവരായി മാറിയിട്ടുണ്ട്. കാസർകോട് നഗരത്തിലെ ഒരു സ്കൂളിൽ നിന്ന് സെന്റ് ഓഫ് പാർട്ടിക്കിടെ മയക്കുമരുന്ന് പിടികൂടിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. നാല് വിദ്യാർത്ഥികളും മയക്കുമരുന്ന് എത്തിച്ചയാളും പിടിയിലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, POLICE EXICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL