SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

ഭൂരിപക്ഷം കൂട്ടാൻ എൽ.ഡി.എഫ് പിടിച്ചെടുക്കാൻ യു.ഡി.എഫ്

vpp
ഡോ. വി.പി.പി മുസ്തഫ

തൃക്കരിപ്പൂർ: പ്രചാരണ ചൂടിൽ തിളക്കുകയാണ് തൃക്കരിപ്പൂർ മണ്ഡലം. മണ്ഡലം നിലനിർത്താനുള്ള ദൗത്യം ഏറ്റെടുത്ത എൽ.ഡി.എഫിലെ ഡോ. വി.പി.പി മുസ്തഫയും യു.ഡി.എഫിനു വേണ്ടി തൃക്കരിപ്പൂരിലെത്തി അങ്കം കുറിച്ച സന്ദീപ് വാര്യരും ട്വന്റി ട്വന്റിയുടെ രവി കുളങ്ങരയും കനത്ത പോരാട്ടത്തിലാണ്. കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായി തൃക്കരിപ്പൂരിലെ തിരഞ്ഞെടുപ്പ് ചിത്രം മാറിയത് പെട്ടെന്നായിരുന്നു. ചാനൽ ചർച്ചകളിലൂടെ പരിചിതരായ മുഖങ്ങൾ നേരിട്ട് വോട്ടർമാരുടെ മുന്നിലെത്തിയതോടെ, മണ്ഡലം പ്രധാന ചർച്ചാവിഷയമായി മാറി.

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഭൂരിപക്ഷം ഇരട്ടിയാക്കാനുള്ള പ്രചാരണമാണ് വി.പി.പി നടത്തുന്നതെങ്കിലും ഏത് വിധേനയും മണ്ഡലം പിടിച്ചെടുക്കുമെന്ന വാശിയിലാണ് സന്ദീപ് വാര്യർ. നില മെച്ചപ്പെടുത്താനുള്ള പോരാട്ടമാണ് ട്വന്റി ട്വന്റിയിലൂടെ എൻ.ഡി.എ മണ്ഡലത്തിൽ നടത്തുന്നത്.

യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും ഒരുപോലെ അമ്പരപ്പിച്ചാണ് സന്ദീപ് വാര്യരുടെ തൃക്കരിപ്പൂരിലേക്കുള്ള വരവ്. പാലക്കാട് സ്വദേശിയാണെങ്കിലും തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷൻ മാസ്റ്ററായിരുന്ന ഗോവിന്ദ വാരിയരുടെ മകനെന്ന തിരിച്ചറിയലിലൂടെ “ഇത് എനിക്ക് അപരിചിത നാടല്ല” എന്ന സന്ദേശം ആദ്യ മണ്ഡലം സന്ദർശനത്തിൽ തന്നെ ഉയർത്തിയാണ് സന്ദീപ് വാര്യർ ഇറങ്ങിയത്. ഇതിനു മുന്നേ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ഡോ. വി.പി.പി. മുസ്തഫ ശക്തമായ അടിത്തറയൊരുക്കിയിരുന്നു. നാട്ടുകാരനെന്ന ആനുകൂല്യവും ആരോഗ്യ രംഗത്തും സാമൂഹിക ഇടപെടലുകളിലും സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളും അദ്ദേഹത്തിന് പ്രചാരണത്തിൽ മുൻതൂക്കം നൽകി. എൻ.ഡി.എ ഇത്തവണ പരമ്പരാഗത രാഷ്ട്രീയ ശൈലിയിൽ നിന്ന് മാറി പുതിയ ഘടകകക്ഷിയായി എത്തിയ ട്വന്റി-ട്വന്റിക്ക് മണ്ഡലം കൈമാറിയപ്പോൾ കൊടക്കാട് സ്വദേശിയായ രവി കുളങ്ങരയെ രംഗത്തിറക്കുകയായിരുന്നു.

2021ൽ എൽ.ഡി.എഫ് ഭൂരിപക്ഷം 26,137

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എം. രാജഗോപാലൻ 26,137 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 2016-ൽ അദ്ദേഹം 19,659 വോട്ടിന് വിജയിച്ചപ്പോൾ, 2011-ൽ കെ. കുഞ്ഞിരാമൻ 8,785 വോട്ടിന് വിജയം നേടിയിരുന്നു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ചിത്രം വ്യത്യസ്തമാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് മുൻതൂക്കം ലഭിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ ഇവിടെ 10,448 വോട്ടിന്റെ ലീഡ് നേടിയിരുന്നു. അതേസമയം, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ 6,010 വോട്ടിന്റെ ലീഡ് നേടി എൽ.ഡി.എഫ് ശക്തി തെളിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, MANDALANGALILOODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL