കാഞ്ഞങ്ങാട്: അദ്ധ്യയന വർഷം തുടങ്ങിയതോടെ പാചകവാതക സിലിണ്ടർ ക്ഷാമം സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയിലാക്കുന്നു. പുതിയ സ്കൂൾ കെട്ടിടങ്ങളിൽ അടുപ്പ് ഇല്ലാത്ത അടുക്കള നിർമ്മിച്ചതിനാൽ വിറക് കത്തിച്ചു ഭക്ഷണം പാചകം ചെയ്യാനും നിർവ്വാഹമില്ല. വിറക് കത്തിച്ചു ഉച്ചഭക്ഷണം പാചകം ചെയ്യണമെന്ന വാക്കാൽ നിർദ്ദേശവും ഇതിനാൽ പ്രാവർത്തികമാക്കാനാകുന്നില്ല.
സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരും പാചകത്തൊഴിലാളികളും പ്രതിസന്ധി മറികടക്കാൻ നെട്ടോട്ടത്തിലാണ്. ആവശ്യമായ സമയത്ത് പാചകവാതകം ലഭിക്കാത്തതിനാൽ ഭക്ഷണം തയ്യാറാക്കുന്നതിൽ കാലതാമസം നേരിടുകയും ചിലപ്പോൾ പാചകത്തിന് തടസ്സം ഉണ്ടാകുകയും ചെയ്യുന്നു. ഭക്ഷണം വൈകുന്നതുമൂലം വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളിലും ക്ലാസുകളുടെ സമയക്രമത്തിലും തടസ്സം നേരിടുന്നതായി അദ്ധ്യാപകർ അറിയിച്ചു.
ഒന്ന് മുതൽ എട്ടാം ക്‌ളാസ് വരെയുള്ള കൂട്ടികൾക്കാണ് സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. അഞ്ഞൂറിനും ആയിരത്തിനും ഇടയിൽ കുട്ടികൾ ഭൂരിഭാഗം സ്കൂളുകളിലും ഉച്ചഭക്ഷണം കഴിക്കുന്നുണ്ട്. സ്കൂൾ തുറന്നതിന്റെ പിറ്റേ ദിവസം മുതൽ ഉച്ചഭക്ഷണം നൽകുന്നുണ്ട്. പാചകത്തിന് മതിയായ ഗ്യാസ് സിലിണ്ടർ കിട്ടാതെ പാചകം നടക്കില്ല. അംഗീകൃത ഏജൻസികളിൽ നിന്ന് ആവശ്യത്തിന് ഗ്യാസ് സിലിണ്ടർ ലഭ്യമാക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത് എളുപ്പമല്ലെന്ന് പറയുകയാണ് അധികൃതർ. ജില്ലയിലാകെ എത്ര കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകണം എന്നതിന്റെ കണക്കുകൾ ഇതുവരെ ലഭ്യമല്ലെന്നാണ് കാഞ്ഞങ്ങാട് ഡി.ഇ.ഒ ഓഫീസിൽ നിന്ന് അറിയിച്ചത്.
വാഗ്ദാനം ചെയ്ത സിലിണ്ടറും കിട്ടിയില്ല
സ്കൂളുകളിൽ എത്തിക്കുമെന്ന് അറിയിച്ചിരുന്ന സിലിണ്ടറുകൾ ചില സ്കൂളുകളിലെങ്കിലും കിട്ടാത്ത സ്ഥിതിയുണ്ട്. പാചക തൊഴിലാളികൾക്കും അദ്ധ്യാപകർക്കും ബദൽ സംവിധാനങ്ങൾ കണ്ടെത്തേണ്ട സാഹചര്യം നിലനിൽക്കുന്നു. പ്രശ്നം തുടർന്നാൽ സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും ഉച്ചഭക്ഷണ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനെയും ബാധിക്കുമെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. കുട്ടികളുടെ ഭക്ഷണവും സുരക്ഷയും സംബന്ധിച്ച് രക്ഷിതാക്കൾ ആശങ്ക അറിയിച്ചിട്ടുണ്ട്. താത്കാലിക സംവിധാനങ്ങൾ ഒരുക്കേണ്ടി വരുന്നത് സ്കൂളിന് അധിക സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നുണ്ട്.
അധികതുക നൽകാനാകില്ല
പാചകവാതക പ്രതിസന്ധി ഉണ്ടായപ്പോൾ ഹോട്ടലുകൾ വലിയ തുക നൽകി സ്വകാര്യ ഏജൻസികളിൽ നിന്ന് ഗ്യാസ് സിലിണ്ടർ സംഘടിപ്പിച്ചാണ് പൂട്ടാതെ നടത്തിയത്. എന്നാൽ സ്കൂളിൽ ഉച്ചഭക്ഷണം നൽകുന്നതിന് കൂടുതൽ തുക നൽകി പുറത്തുനിന്ന് സിലിണ്ടർ വാങ്ങിക്കാൻ അദ്ധ്യാപകർക്ക് കഴിയില്ല. അധികമായി നൽകുന്ന തുക കണക്കിൽ ഉൾപ്പെടുത്താൻ നിർവ്വാഹമില്ലാത്തതിനാൽ ഹെഡ്മാസ്റ്റർമാർ അതിന് തയ്യാറാകുന്നുമില്ല.
വിദ്യാർത്ഥികളുടെ ക്ഷേമം മുൻനിർത്തി സ്കൂളുകളിൽ പാചക വാതക വിതരണം തടസ്സമില്ലാതെ ഉറപ്പാക്കണം. പുതിയ സ്കൂൾ കെട്ടിടങ്ങളിലെ അടുക്കളയിൽ അടുപ്പ് ഇല്ലാത്തതിനാൽ വിറക് അടുപ്പിലേക്ക് മാറാനും കഴിയാത്ത സ്ഥിതിയാണ്.
ഒരു അദ്ധ്യാപകൻ, കാസർകോട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |