കാഞ്ഞങ്ങാട്: നീറ്റ് ചോദ്യപേപ്പർ ചോർന്നതിന്റെയും തുടർച്ചയായി നടക്കുന്ന പരീക്ഷാ ക്രമക്കേടുകളുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. നൂറിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്ത റാലി എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ബിപിൻരാജ് പായം ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രവിഷ പ്രമോദ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം. അനുരാജ്, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി പി.കെ മഞ്ജിഷ എന്നിവർ സംസാരിച്ചു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. അനുരാഗ് സ്വാഗതം പറഞ്ഞു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അദിനാൻ ചട്ടഞ്ചാൽ അദ്ധ്യക്ഷത വഹിച്ചു. പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ആരംഭിച്ച റാലി മിനി സിവിൽ സ്റ്റേഷന് മുൻ വശം സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |