കാസർകോട്: മാനസികാരോഗ്യത്തിനായി ബൈക്ക് യാത്രയുമായി സെഹർ ഹാഷ്മിയും സംഘവും ഇന്ന് ജില്ലയിലെത്തും. രാവിലെ 10ന് മുന്നാട് പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലും ഉച്ചയ്ക്ക് രണ്ടിന് പിലിക്കോട് സി.കെ.എൻ.എസ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് സ്വീകരണം.
"ബിയോണ്ട് ദ ഹൊറൈസൺ: എ റൈഡ് ഫോർ "എന്ന പേരിലുള്ള ബൈക്ക് യാത്ര വടക്കേ ഇന്ത്യൻ പര്യടനം പൂർത്തിയാക്കിയാണ് കേരളത്തിൽ പ്രവേശിക്കുന്നത്. മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിലൂടെ യുവതയ്ക്കു മുന്നിൽ പ്രത്യാശയുടെ വെളിച്ചം പടർത്തുകയാണ് കരുത്തിന്റെ പ്രതീകമായ പെൺകുട്ടിയും അഞ്ചു കൂട്ടുകാരികളും.
പനിയാണെന്നു പറയുന്ന ലാഘവത്തോടെ മാനസികപ്രശ്നങ്ങളുണ്ടെന്ന് വിളിച്ചുപറയാനുള്ള ഊർജ്ജത്തിനും അത് അംഗീകരിക്കുന്ന സമൂഹത്തെ കെട്ടിപ്പടുക്കാനുമുള്ള 'ഓട്ടം' സെഹർ ഹാഷ്മി തുടങ്ങിയിട്ട് അഞ്ചു വർഷമായി. ഇപ്പോൾ പുതിയ ദൗത്യത്തിലേക്ക് തന്റെ എൻഫീൽഡുമായി യാത്ര തിരിക്കുകയാണ് ഈ ധീര ബാലിക. തന്നെപ്പോലെ തനിച്ചായി വഴിയോരങ്ങളിൽ നിന്നുപോയ മനസ്സുകൾക്ക് 'ലിഫ്റ്റ്' കൊടുക്കുകയാണ് ലക്ഷ്യം.
ബോർഡർലൈൻ പിഡി എന്ന മാനസികാവസ്ഥയെ ജീവിതംകൊണ്ട് പോരാടിത്തോൽപ്പിച്ച്, മാനസികാരോഗ്യത്തെക്കുറിച്ച് ഏറ്റവുമധികം ക്ലാസുകളെടുത്തതിന് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ സെഹർ നേതൃത്വം നൽകുന്ന യാത്ര എന്നതാണ് ക്യാമ്പെയിനെ ശ്രദ്ധേയമാക്കുന്നത്.
സെഹർ ട്രസ്റ്റിയായി, സ്ത്രീ വിദ്യാദ്യാസത്തിനായി പ്രവർത്തിക്കുന്ന, ‘ക്യാമ്പയിൻ പെർച്ചാ’ന്റെ ആഭിമുഖ്യത്തിലാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് സ്വീകരണം ഒരുക്കുന്നത്. യുവാക്കളുടെ മാനസികാരോഗ്യവും സമൂഹത്തിന്റെ മനോഭാവവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. സ്കൂളുകളിലും കോളേജുകളിലും സ്ഥാപനങ്ങളിലും മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ചർച്ച ചെയ്യും.
തെരുവിൽ നാടകാവതരണത്തിനിടെ രാഷ്ട്രീയഗുണ്ടകൾ ഇരുമ്പുവടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയ സഫ്ദർ ഹാഷ്മിയുടെ അനന്തരവളാണ് സെഹർ. ഈ മാസം 18 വരെ ഒൻപത് ജില്ലകളിലെ ഇരുപത് കേന്ദ്രങ്ങളിലാണ് സംഘം സംവദിക്കുന്നത്. ഓഗസ്റ്റ് 20ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടി ഷർമിള ടാഗോറാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
സെഹർ എന്ന അതിജീവിത
മൂന്നാമത്തെ പെൺകുഞ്ഞായി പിറന്നതിന് ഒമ്പതാം മാസം സ്വന്തം അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ടവൾ. ദത്തെടുത്തു വളർത്തിയ അച്ഛനമ്മമാരാകട്ടെ തിരക്കേറിയ പൊതുപ്രവർത്തകർ. കുഞ്ഞുപ്രശ്നങ്ങൾ പലപ്പോഴും അവഗണിക്കപ്പെട്ടു. അതെല്ലാംകൊണ്ട് കടുത്ത വിഷാദരോഗത്തിന്റെയും ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറിന്റെയും പിടിയിലമർന്ന് പലവുരു ആത്മഹത്യയ്ക്കും സ്വയംപീഡനങ്ങൾക്കും മുതിർന്നവൾ. അതിൽനിന്നു മോചനം നേടി ആ അവസ്ഥകളെ അതിജീവിച്ച് മാനസികാരോഗ്യപ്രവർത്തകയും മോട്ടിവേഷണൽ സ്പീക്കറും ഫാഷൻ സ്റ്റൈലിസ്റ്റുമായി അവൾ മാറി! ആ സ്വന്തം അനുഭവം തുറന്നു പങ്കുവച്ചുകൊണ്ടാണ് സെഹർ ഹാഷ്മി യുവാക്കളെ ഒരുക്കുന്നത്. മാനസികാരോഗ്യപ്രശ്നങ്ങൾ അനുഭവിക്കാത്തവരുടെ പതിവു പ്രഭാഷണത്തിനു പകരം, അത് അനുഭവിച്ച ഒരാളുടെ ശബ്ദം നമുക്കുമുന്നിലെത്തുന്നു. ഇന്ത്യയൊട്ടാകെ ഈ സന്ദേശം എത്തിക്കാനായി സ്വന്തം റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിൽ സഞ്ചരിക്കുകയാണ് സെഹർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |