SignIn
Kerala Kaumudi Online
Thursday, 10 September 2026 1.11 PM IST

കാടുകയറി ഇറിഗേഷൻ കനാൽ കൃഷിനാശ ഭീതിയിൽ ചെങ്ങമനാട്ടെ കർഷകർ

lift-irigation

നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ ഇറിഗേഷൻ കനാലുകൾ കാടും പുല്ലും മാലിന്യങ്ങളും നിറഞ്ഞ് ജലമൊഴുക്കിന് തടസമായതോടെ കർഷകർ കൃഷിനാശ ഭീതിയിലായി. പഞ്ചായത്തിലെ പ്രധാന ലിഫ്റ്റ് ഇറിഗേഷൻ സ്ക്രീനുകളായ നെടുവന്നൂർ, ആവണംകോട്, തുരുത്തിക്കര (തുരുത്ത്), ദേശം വെസ്റ്റ് (തലക്കൊള്ളി) തുടങ്ങിയ കനാലുകളെല്ലാം കാടും പുല്ലും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്. കാലം തെറ്റിയുള്ള ചൂട് കടുത്തതോടെയാണ് കർഷകർ ആശങ്കയിലായത്.

ഇറിഗേഷൻ കനാൽ നവീകരണത്തിന് അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ സമരം ആരംഭിക്കാൻ കേരള കർഷകസംഘം ചെങ്ങമനാട് വില്ലേജ് കമ്മിറ്റി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.പി. ഷീലക്ക് കർഷക സംഘം നിവേദനവും നൽകി. കർഷകസംഘം ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.വി ഷാലി, ഭാരവാഹികളായ സി. ഗോപാലകൃഷ്ണൻ, പ്രൊഫ. തോമസ് മാത്യു, ശ്രീജിത്ത് ഷാജി, വി.കെ.കുഞ്ഞുമുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗം ഗായത്രി വാസൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

വേണം ഉടനടി പമ്പിംഗ്

മാലിന്യവും പുല്ലും അടിയന്തരമായി നീക്കിയാൽ മാത്രമേ പമ്പിംഗ് ആരംഭിക്കാൻ കഴിയുകയുള്ളൂ. കാലവർഷം ദുർബലമാവുകയും ചൂട് ഉയരുകയും ചെയ്തതോടെ പെട്ടെന്ന് പമ്പിംഗ് ആരംഭിക്കേണ്ട സാഹചര്യമാണ്. ഗ്രാമപഞ്ചായത്തിലെ മുഴുവൻ കനാലുകളും ചെറുതോടുകളും ചെളിയും പുല്ലും മാറ്റി നവീകരിക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം.

നെൽകൃഷിക്ക് പുറമെ പഞ്ചായത്തിലെ ഏത്തവാഴ, പച്ചക്കറി കർഷകർക്കും ചൂടു കടുത്തതോടെ ഇറിഗേഷൻ പമ്പിംഗിനെ ആശ്രയിക്കാതെ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്.

ഇറിഗേഷൻ കനാലുകളിൽ ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കിൽ കർഷകർ മാത്രമല്ല, കുടിവെള്ളത്തിനായി കിണറുകളെ ആശ്രയിക്കുന്ന നാട്ടുകാരും പ്രതിസന്ധിയിലാകും.

ഇറിഗേഷൻ തോടുകളിലൂടെ ആവശ്യത്തിന് വെള്ളം ഒഴുകുന്നതാണ് വേനലിൽ കിണറുകളിൽ പ്രധാന ഉറവയായെത്തുന്നത്. അതിനാൽ കനാലിൽ വെള്ളം വന്നില്ലെങ്കിൽ കിണറുകളും വറ്റി വരളും.

പഞ്ചായത്തിലെ കാനകളുടെയും തോടുകളുടെയും നവീകരണത്തിന് പദ്ധതിയിൽ പണം വകയിരുത്തിയിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചാൽ നവീകരണം ആരംഭിക്കും.

ജെർളി കപ്രശേരി

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KRISHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL