SignIn
Kerala Kaumudi Online
Wednesday, 16 September 2026 9.26 AM IST

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ 11 കാരിയുടെ കാലിൽ സ്വകാര്യ ബസ് ടയർ കയറിയിറങ്ങി

busstand
തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ ബസ് കയറാനായി കാത്തുനിൽക്കുന്നു

തളിപ്പറമ്പ്: നഗരസഭ ബസ് സ്റ്റാൻഡിൽ 11 കാരിയുടെ കാലിൽ സ്വകാര്യ ബസിന്റെ ടയർ കയറിയിറങ്ങി.
ഇരിക്കൂർ പെരുവളത്ത് പറമ്പിലെ മാവിലോത്ത് പുതിയപുരയിൽ ഫാത്തിമക്കാണ് അപകടത്തിൽ ഗുരുതരമായ പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. തളിപ്പറമ്പ് -പെരുമ്പടവ് -ചെറുപുഴ റൂട്ടിലോടുന്ന ശ്രീനിധി ബസാണ് അപകടം വരുത്തിയത്.
മാതാവിനൊപ്പം ബസ് സ്റ്റാൻ‌ഡിൽ എത്തിയതായിരുന്നു ഫാത്തിമ. കെ.എസ്.ഇ.ബി ജംഗ്ഷനിൽ നിന്നും സ്റ്റാൻഡിലേക്ക് കയറിയ ബസിന്റെ ടയർ പയ്യന്നൂർ ട്രാക്കിന് സമീപം വച്ച് ഫാത്തിമയുടെ കാലിൽ കയറിയിറങ്ങുകയായിരുന്നു. ഫാത്തിമയും ഉമ്മയും നിലവിളിച്ചതോടെയാണ് അപകടം സ്റ്റാൻഡിലുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഫാത്തിമയെ പരിക്ക് ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പയ്യന്നൂർ ഭാഗത്തേക്ക്‌ പോകുന്ന ബസുകൾ
അശ്രദ്ധയോടെയും അതിവേഗതയിലുമാണ് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത്. സ്റ്റാൻഡ് യാർഡിൽ എത്തുന്ന ബസുകൾ ട്രാക്കിലേക്ക് കയറ്റുന്നതും അതിവേഗതയിലാണ്. യാത്രക്കാർക്ക് സ്വകാര്യ ബസുകളുടെ മത്സര ഓട്ടം ജീവന്‌ ഭീഷണിയാകുന്നതായുള്ള പരാതിയും വർഷങ്ങളായുണ്ട്.

കണ്ണടച്ച് ഇരിപ്പാണ് പൊലീസ്
തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പല പൊലീസ് ഉദ്യോഗസ്ഥരും ഹോം ഗാർഡുമാരും ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ കാര്യക്ഷമത പാലിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്. സ്റ്റാൻഡിൽ അപകടം നടന്നാൽ പോലും യാത്രക്കാർ പൊലീസ് എയ്ഡ്‌പോസ്റ്റിൽ എത്തി വിവരം അറിയിക്കേണ്ട അവസ്ഥയാണ്.

വിദ്യാർത്ഥികളുടെ ജീവൻ

അപകടത്തിലാണ്

വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക്‌ പോയി വരുന്ന കുട്ടികളാണ് ബസ് സ്റ്റാൻഡിൽ കൂടുതൽ ദുരിതം അനുഭവിക്കുന്നത്. സ്‌കൂളുകൾ വിട്ട് ബസിൽ കയറാൻ എത്തുന്ന വിദ്യാർത്ഥികളെ ബസ് മുന്നോട്ട് എടുക്കുന്ന സമയത്താണ് കയറാൻ അനുവദിക്കുക. ഈ സമയം വളരെ ചുരുക്കം കുട്ടികൾക്ക് മാത്രമാണ് ബസിൽ കയറിപറ്റാൻ സാധിക്കുക. മുന്നോട്ട് എടുക്കുന്ന ബസിൽ കയറിപ്പറ്റാൻ ചാടികയറുന്ന വിദ്യാർത്ഥികൾ ബസിന്റെ സ്റ്റെപ്പിൽ നിന്നും വീണ് ടയറിനടിയിൽപ്പെടാത്തത് പലപ്പോഴും ഭാഗ്യം കൊണ്ടുമാത്രമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL