അഞ്ചൽ: അഞ്ചൽ-ആയൂർ റോഡിൽ വാഹനാപകടങ്ങൾ നിത്യസംഭവമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ നിരവധി പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇടമുളയ്ക്കൽ പഞ്ചായത്ത് ഓഫീസിന് സമീപമുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർ ഇപ്പോഴും ചികിത്സയിലാണ്. ഇരുചക്ര വാഹനങ്ങളാണ് ഈ റോഡിൽ കൂടുതലായും അപകടത്തിൽപ്പെടുന്നത്.
നടപ്പാതകൾ കൈയേറി കച്ചവടം
റോഡിലെ നിലവിലുള്ള നടപ്പാതകൾ പലയിടത്തും കച്ചവടക്കാരും വർക്ക്‌ഷോപ്പുകാരും കൈയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുകയാണ്. ഇത് കാരണം കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
അമിതവേഗതയും പരിശോധനയില്ലായ്മയും
റോഡിൽ ടൂവീലറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അമിതവേഗതയിലാണ് പാഞ്ഞുപോകുന്നത്. മുൻകാലങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇടയ്ക്കിടെ പരിശോധന നടത്തിയിരുന്നെങ്കിലും ഇപ്പോൾ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അമിതവേഗത നിയന്ത്രിക്കാനോ മദ്യപിച്ചുള്ള ഡ്രൈവിംഗ് കണ്ടെത്താനോ അധികൃതർ നടപടിയെടുക്കുന്നില്ല.
അലക്ഷ്യമായ പാർക്കിംഗ്
വാഹനങ്ങൾ റോഡുവക്കിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. അഞ്ചൽ-പുനലൂർ റോഡിൽ ആർ.ഒ.ജംഗ്ഷന് സമീപമുള്ള വർക്ക്‌ഷോപ്പുകളിൽ എത്തുന്ന വാഹനങ്ങൾ റോഡിലിട്ട് റിപ്പയർ ചെയ്യുന്നതിനാൽ ഗതാഗതം തടസപ്പെടുന്നു. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ടൗണിലും ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്.
അഞ്ചൽ പൊലീസ് മുൻപ് ഗതാഗത നിയന്ത്രണത്തിനായി ചില നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും അവയൊന്നും ഇപ്പോൾ ഫലപ്രദമായി നടപ്പാകുന്നില്ല. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |