നീലേശ്വരം: 18 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കേണ്ട നീലേശ്വരം- കച്ചേരിക്കടവ് പാലം നിർമ്മാണം ഇപ്പോഴും ഒച്ചിന്റെ വേഗതയിൽ നീങ്ങുന്നു. 2024 ൽ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിർമ്മാണം ആരംഭിച്ച കച്ചേരിക്കടവ് പാലം രണ്ട് വർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. 2027 അവസാന മാസം ആകുമ്പോഴേക്കും നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്.
കിഫ്ബിയിൽ നിന്ന് അനുവദിച്ച 22 കോടിയിൽ പൂർത്തിയാക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ വീണ്ടും ഫണ്ട് അനുവദിക്കാൻ പൊതുമരാമത്ത് വകുപ്പിന് മുന്നിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ പുതിയ യു.ഡി.എഫ് സർക്കാർ അധികതുക ഇരുവരെയും അനുവദിച്ചില്ല. നീലേശ്വരം ദേശീയപാതയും നീലേശ്വരം രാജാ റോഡും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കച്ചേരിക്കടവ് പാലം. പാലത്തിന്റെ ഇരുകരകളിൽ നിന്ന് വ്യത്യസ്തമായി മധ്യഭാഗം 55.5 മീറ്റർ ബോസ്ട്രിംഗ് സ്പാൻ മോഡലിലാണ് പാലം നിർമാണം നടക്കുന്നത്. അതായത് മധ്യഭാഗം കപ്പൽപോലും കടന്നു പോകാൻ പറ്റുന്ന വിധത്തിൽ ഉയരത്തിൽ ആർച്ച് മാതൃകയിലുള്ള ജില്ലയിലെ ആദ്യത്തെ പാലമാണിത്.
180 മീറ്റർ നീളമാണ് പാലത്തിനുള്ളത്. ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പടിഞ്ഞാറ് ഭാഗത്ത് 180 മീറ്ററിലും പാലത്തിന്റെ കിഴക്ക് ഭാഗത്തേക്ക് 180 മീറ്റർ നീളത്തിലുള്ള അപ്രോച്ച് റോഡ് നിർമ്മാണവും പൂർത്തിയാകാനുണ്ട്. പാലം നിർമ്മാണം പൂർത്തിയായാൽ മാർക്കറ്റ് ഹൈവേ ചുറ്റാതെ വാഹനങ്ങൾക്ക് കച്ചേരിക്കടവ് പാലം വഴി എളുപ്പത്തിൽ നീലേശ്വരം നഗരത്തിൽ എത്താൻ പറ്റും.
മുൻ എം.എൽ എ എം. രാജഗോപാലന്റെ ശ്രമഫലമായി അനുവദിച്ച കച്ചേരിക്കടവ് പാലം നിർമ്മാണം പൂർത്തിയാകണമെങ്കിൽ പുതിയ എം.എൽ.എ സന്ദീപ് വാര്യർ സർക്കാരിൽ കടുത്ത സമ്മർദ്ദം ചെലുത്തണം. പ്രത്യേകിച്ച് പൊതുമരാമത്ത് വകുപ്പാണ് നീലേശ്വരത്തിന്റെ വലിയ പദ്ധതി പൂർത്തികരിക്കാൻ ശ്രമിക്കേണ്ടത്. അതിനിടയിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ നിന്ന് കച്ചേരികടവ് പാലത്തിലേക്കുള്ള പാതക്ക് ഇതുവരെ സ്ഥിരീകരണവും ലഭിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |